തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഒരു മണ്ഡലമാണ് തൃശൂര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍ ജയിച്ച ഈ മണ്ഡലം ഇക്കുറി ശ്രദ്ധേയമാകുന്നത് ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം മൂലമാണ്.
Read Also : മഞ്ചേശ്വരത്ത് ബിജെപിയുടെ വിജയം പ്രവചിച്ച് പുതിയ സര്‍വേഫലം
കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായിരുന്ന തൃശൂര്‍ 2016 ലെ ഇടതു തംരഗത്തില്‍ സുനില്‍ കുമാറിലൂടെ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍ തുടര്‍ച്ചയായി അഞ്ചുതവണ ജയിച്ച ശേഷമായിരുന്നു സുനില്‍ കുമാര്‍ ഇവിടെനിന്നും എം.എല്‍.എ ആകുന്നത്.
2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 16,000ത്തില്‍ അധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ 2016 ല്‍ പത്മജ വേണുഗോപാല്‍ 7,000 ത്തിനടുത്ത് വോട്ടുകള്‍ക്ക് തോറ്റു. 2016 ല്‍ കോണ്‍ഗ്രസിന് 16 ശതമാനത്തില്‍ അധികം വോട്ടു നഷ്ടമുണ്ടായി. ഇതിന്റെ നേട്ടമുണ്ടാക്കിയതാകട്ടെ ബി.ജെ.പിയും.
2011 ല്‍ രവികുമാര്‍ ഉപ്പത്തിലൂടെ കേവലം 6,697 വോട്ടു മാത്രം നേടിയ ബിജെപി 2016 ല്‍ ബി ഗോപാലകൃഷ്ണനിലൂടെ 24,748 വോട്ടുകള്‍ നേടി. ബി.ജെ.പിയുടെ ഈ കുതിച്ചുചാട്ടം തിരിച്ചടിയായത് കോണ്‍ഗ്രസിനാണ്. പത്മജയുടെ തോല്‍വിക്ക് പ്രധാന കാരണവും ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം തന്നെ. 2021ലേക്ക് എത്തുമ്പോള്‍ ബി.ജെ.പി കൂടുതല്‍ കരുത്ത് നേടിയതായി കാണാം.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ മേല്‍ക്കൈ ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിരിച്ചുവന്നു. പി ബാലചന്ദ്രനാണ് ഇത്തവണ സി.പി.ഐയ്ക്കായി ഇവിടെ മത്സരിക്കുന്നത്. പത്മജ വേണുഗോപാല്‍ യു.ഡി.എഫിനായി ഇറങ്ങുമ്പോള്‍ സുരേഷ് ഗോപി ബി.ജെ.പിക്കായും മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു.
സുരേഷ് ഗോപി ഒരിക്കല്‍ക്കൂടി തൃശൂരിലിറങ്ങുമ്പോള്‍ ബി.ജെ.പിക്ക് ജയ സാധ്യതയൊന്നുമില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്തുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. യു.ഡി.എഫ് വോട്ടുകളില്‍ ഇടിവു സംഭവിച്ചാല്‍ എല്‍.ഡി.എഫ് ഒരിക്കല്‍ക്കൂടി ഇവിടെനിന്നും നിയമസഭയിലെത്തും.
Post Your Comments