ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതു കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്‍.ഡി.എയ്ക്ക് ആരുമായും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉള്ളിലിരുപ്പ് പുറത്തുവന്നെന്നും, എന്‍.എസ്.എസിനോട് സി.പി.എമ്മിന് പ്രതികാര നിലപാടാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഇതില്‍ തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനും ബി.ജെ.പി തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ബി.ജെ.പി ക്ക് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷങ്ങളുടെ പൂര്‍ണ പിന്തുണ ബി.ജെ.പിക്കാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലെന്നും, സഭാ തർക്കത്തിൽ പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments