
കോഴിക്കോട്: കേരളത്തിന്റെ പല ഭാഗങ്ങളിൽ വാഹനമോഷണം നടത്തി 17 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോഴിക്കോട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി എടക്കുന്ന് പാറത്തോട് സ്വദേശി പി.കെ. ഷാമോനെ (40) യാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ എം.കെ. കീർത്തി ബാബുവിൻറെ നേതൃത്വത്തിൽ കോട്ടയത്തുനിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോട്ടയം പാറത്തോട് ഒളിവിൽ കഴിയുകയായിരുന്നു പി.കെ. ഷാമോന്‍. കോഴിക്കോട് മെഡിക്കൽ കോളേജ്, നടക്കാവ്, കോട്ടയം, ഏറ്റുമാനൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാഹനമോഷണ കേസുകൾ നിലവിലുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. വി.ഡി വിജയന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡിൽ സബ് ഇൻസ്പെക്ടർമാരായ എം.പി. അപ്പുണ്ണി, സജി, ഷിനോബ് എം, അസി. സബ് ഇൻസ്പെക്ടർ എൻ . ഹരിദാസൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. അന്വേഷണസംഘം നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തിയത്.
Post Your Comments