ന്യൂഡല്‍ഹി : രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്കും ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളത് കോണ്‍ഗ്രസിനും. രാജ്യത്തെ ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കും ആകെയുള്ള ആസ്തിയുടെ (5,349.25 കോടി) പകുതിയിലധികവും (54.29 ശതമാനം) ബി.ജെ.പിയുടെ കൈകളിലാണ്.
41 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തി 2,023.71 കോടി രൂപയാണ്. ഇതില്‍ സമാജ്‌വാദി പാര്‍ട്ടിക്കാണ് ഏറ്റവും അധികം സാമ്പത്തിക ശേഷിയുള്ളതെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2018- 19 വര്‍ഷത്തെ കണക്കാണിത്.
കോണ്‍ഗ്രസിന്റെ ബാധ്യത 78.415 കോടിയും പ്രാദേശിക കക്ഷികളില്‍ കൂടുതല്‍ ബാധ്യത ടി.ഡി.പിക്കുമാണ്. 18.10 കോടി. വന്‍ ആസ്തിയുണ്ടെങ്കിലും ബി.ജെ.പിക്ക് 37.463 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ട്. ദേശീയപാര്‍ട്ടികള്‍ക്ക് 133.48 കോടി രൂപയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് 79.751 കോടി രൂപയുമാണ് ആകെ ബാധ്യതയുള്ളത്. രാജ്യവും നിരവധി സംസ്ഥാനങ്ങളും വര്‍ഷങ്ങളോളം ഭരിച്ച കോണ്‍ഗ്രസിന് സംഭാവന മുഖേനയുള്ള വരുമാനം കുറഞ്ഞു.
കോര്‍പറേറ്റ് മേഖലകളില്‍ നിന്നാണ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സംഭാവന ലഭിച്ചത്. ഈയിനത്തില്‍ ബി.ജെ.പിക്ക് 2018- 19ല്‍ 698.092 കോടി രൂപയും വ്യക്തികളില്‍ നിന്നായി 41.70 കോടിയും ലഭിച്ചു. കോര്‍പറേറ്റുകളില്‍ നിന്ന് 122.5 കോടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വ്യക്തികളില്‍ നിന്ന് 25.39 കോടിയും.
Post Your Comments