മഞ്ചേരി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല ചർച്ചയാക്കാനുള്ള ശ്രമം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കേസിൽ പുതിയ വിധി വരുമ്പോൾ മാത്രമെ ഇനി വിഷയത്തിന് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കേസിൽ സുപ്രീം കോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർക്കാർ വിധി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സംസ്ഥാനത്ത് യുഡിഎഫ് – ബിജെപി ധാരണ ശക്തമാണ്. പ്രതിസന്ധി സമയത്ത് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിൽ പ്രതിപക്ഷം സർക്കാരിനൊപ്പം നിന്നില്ല. എന്നാൽ ദുരന്ത കാലത്തും സഹായം എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വികസനം കൊണ്ടു വന്നതിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെയാണ് വികസനം നടന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം തന്നെ ആ നിരാശയിൽ നിന്നും ഉണ്ടായതാണ്. കേരളത്തിൽ നടന്ന വികസനം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സമൂഹ നീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments