ചങ്ങനാശ്ശേരി : ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്തുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസിന്റെ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കണമെന്ന് പറയുന്ന കാനത്തിന്റെ പ്രസ്താവന തന്നെ കേസ് നിലവിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ എന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിക്കുന്നു.
നേരത്തെ, എന്‍എസ്എസിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യു പെറ്റീഷന്റെ വിധി വരുന്നതു വരെ കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്‍എസ്എസ് ആണ് ഈ കേസ് നടത്തിയത്. കേസ് തോറ്റു പോയി. തോറ്റതിന് ശേഷം കേരളത്തിലെ സര്‍ക്കാരാണ് കുഴപ്പക്കാരെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?. സുപ്രീംകോടതിയില്‍ കേസ് തോറ്റാല്‍ അതിന്റെ നിയമപരമായ കാരണങ്ങള്‍ കണ്ടെത്തുകയല്ലാതെ ജനങ്ങളെ അണിനിരത്തി സര്‍ക്കാരാണ് കുഴപ്പം എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments