കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജോയന്റ് ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ജോയന്റ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശിഗന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആയിരത്തിലധികം പേജുള്ള വിശദ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
ധനസഹായം നല്കിയ 2783 അക്കൗണ്ടുകളില്‍ 2724 അക്കൗണ്ടുകളിലേക്ക് രണ്ടുപ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാലുപ്രാവശ്യവും തുക നല്കി. ട്രഷറിയിലെയും കലക്ടറേറ്റിലെയും രേഖകളും ലിസ്റ്റുകള്‍ നല്കിയ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററുകളിലെ രേഖകളും പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അക്കൗണ്ട് നമ്പര്‍ ഒരേ ലിസ്റ്റില്‍ ഒന്നിലധികം തവണ ഉപയോഗിച്ചെന്നും വ്യത്യസ്ത ലിസ്റ്റുകളില്‍ ഒരേ അക്കൗണ്ട് നമ്പറും ഒരേ തുകയും ആവര്‍ത്തിച്ചുവെന്നും കണ്ടെത്തി. ഒരേ അക്കൗണ്ട് നമ്പറില്‍ വ്യത്യസ്ത ഫയലുകളില്‍ വ്യത്യസ്ത തുകകള്‍ നല്കി. ഒരേ അക്കൗണ്ട് നമ്പറില്‍ വത്യസ്ത ഫയലുകളില്‍ സര്‍ക്കാര്‍ കാറ്റഗറിയില്‍ പരാമര്‍ശിക്കാത്ത തുകകള്‍ നല്‍കിയെന്നും കണ്ടെത്തി. കലക്ടറേറ്റിലെ എന്‍.ഐ.സി വിഭാഗം പരിഹാര സെല്ലിലേക്ക് നല്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റും കലക്ടറേറ്റിലെ പരിഹാര സെല്‍ വഴി തയാറാക്കിയ ബി.ഐ.എം.എസ് ലിസ്റ്റും പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്.
read also: ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്
എന്നാല്‍, സി.പി.എം നേതാക്കളടക്കം അറസ്റ്റിലായ കേസില്‍ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അതോടൊപ്പം ട്രഷറിയില്‍നിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നല്കിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണ്. ഇതുസംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം അടിയന്തരമായ അന്വേഷണം നടത്തണമെന്ന് റിപ്പോട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും അടക്കം ഏഴുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments