തിരുവനന്തപുരം: വാണിജ്യാവശ്യം മുന്‍ നിര്‍ത്തിയുള്ള എസ്.എം.എസുകള്‍ക്ക് ട്രായ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമില്‍ ഐഡിയും കണ്ടന്റും രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം ട്രായ് തടഞ്ഞതോടെ കാര്‍ഡുടമകള്‍ക്ക് ഒ.ടി.പി വഴിയുള്ള റേഷന്‍ വിതരണം മുടങ്ങി.
ഉപഭോക്താക്കളുടെ വിവര സുരക്ഷ മുന്‍നിര്‍ത്തി 2018ലാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. എസ്.എം.എസുകളുടെ ഉള്ളടക്കവും ഐഡിയും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ രജിസ്ട്രിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം.
രജിസ്ട്രേഷന് ഒത്തുനോക്കി കൃത്യമാണെങ്കില്‍ മാത്രമേ സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കൂ. അല്ലെങ്കില്‍ ഇവ ഡിലീറ്റ് ചെയ്യപ്പെടും. ഇതുസംബന്ധിച്ച് തുടര്‍ച്ചയായ അറിയിപ്പുകള് ട്രായ് നല്‍കിയിരുന്നെങ്കിലും ഇവ മുഖവിലക്കെടുക്കാന്‍ ബി.എസ്.എന്‍.എല്‍, ഐഡിയ അടക്കം മൊബൈല്‍ കമ്പനികളും ഭക്ഷ്യപൊതുവിതരണവകുപ്പും തയാറായില്ല. തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് റേഷന്‍ വിതരണത്തിനുള്ള മൊബൈല്‍ ഒ.ടി.പി സന്ദേശങ്ങള്‍ ട്രായ് തടഞ്ഞത്.
ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ (ഇ-പോസ്) യന്ത്രത്തില്‍ ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നവര്‍ക്ക് റേഷന്‍ വാങ്ങാനുള്ള സംവിധാനമാണ് ഒ.ടി.പി. കൈവിരല്‍ പതിയാത്ത ഘട്ടത്തില്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള കാര്‍ഡുടമയുടെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി സന്ദേശമെത്തും. ഈ നാലക്ക നമ്ബര്‍ മെഷീനില്‍ രേഖപ്പെടുത്തുന്ന മുറക്ക് ഉപഭോക്താവിന് സാധനങ്ങള്‍ ലഭിക്കും.
ഒ.ടി.പി ലഭിക്കാത്ത സാഹചര്യത്തില്‍ മാന്വല്‍ ഇടപാടിലൂടെ റേഷന്‍ വിതരണം നടത്താന്‍ വ്യാപാരികള്‍ക്ക് സൗകര്യമുണ്ടെങ്കിലും സിവില്‍ സപ്ലൈസ് ഡയറക്ടറില്‍നിന്ന് നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഭൂരിഭാഗം കച്ചവടക്കാരും മാന്വല്‍ വിതരണത്തിന് തയാറല്ല. ഇത് പലയിടങ്ങളിലും കാര്‍ഡുടമകളും വ്യാപാരികളും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കുന്നുണ്ട്.
Post Your Comments