കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രമാണ് ഉള്ളത്. അതിനിടെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിനു പിന്നില്‍ തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഉടലെടുത്തു കഴിഞ്ഞു. ഇതില്‍ പ്രധാനം മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ തലമുണ്ഡനം ചെയ്തത് കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായി.
Read Also : ഏറ്റുമാനൂരിൽ പുതിയ രാഷ്ട്രീയക്കളി; ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാർഥി, ബിഡിജെഎസ് സ്ഥാനാർഥി പിന്മാറി
ഇതിനിടെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ് വ്യക്തമാക്കി. താന്‍ എ.കെ. ആന്റണിയെ വിളിച്ച് ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചിരുന്നു. തന്നില്ലെങ്കില്‍ പ്രതികരിക്കുമെന്നും തലമുണ്ഡനം ചെയ്യുമെന്നും പറഞ്ഞിരുന്നു. ഏറ്റുമാനൂര്‍ ഘടകക്ഷിക്ക് കൊടുത്തെന്ന് മിനിഞ്ഞാന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈപ്പിന്‍ ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വ്യക്തമായ മറുപടി പറഞ്ഞില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കാമെന്ന് പറഞ്ഞിട്ട് തിരികെ വിളിച്ചില്ലെന്നും ലതികാ സുഭാഷ് വെളിപ്പെടുത്തി.
തന്നോട് ഏറ്റുമാനൂരില്‍ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കണമെന്ന് കേരളാ കോണ്‍ഗ്രസിനെക്കാള്‍ നിര്‍ബന്ധം കോണ്‍ഗ്രസിന്റെ ആളുകള്‍ക്കാണ് എന്നാണ് ജോസഫ് വിഭാഗത്തിലെ ചിലര്‍ പറഞ്ഞതെന്നും ലതികാ സുഭാഷ് പ്രതികരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നിസഹായരാണ്. ലതികാ സുഭാഷ് എന്ന വ്യക്തിയല്ല, മഹിളാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതാവെന്ന നിലയില്‍ പറയുന്നു യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും പരിഗണന ലഭിക്കുന്നത് പോലെ മഹിളാ കോണ്‍ഗ്രസിന് ലഭിക്കണമായിരുന്നു. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കള്‍ സ്‌നേഹ ശൂന്യരായത് കൊണ്ടാണ് ഞാന്‍ തല മുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്ത ശേഷം എ.കെ. ആന്റണി, വി.എം. സുധീരന്‍, പി.ജെ. കുര്യന്‍ തുടങ്ങിയവരൊക്കെ തന്നെ വിളിച്ചെന്നും ലതികാ സുഭാഷ് പറഞ്ഞു.
Post Your Comments