ഇംഗ്ലണ്ടിനെ മൂന്ന് മേഖലകളിലും ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അഹമ്മദാബാദിലെ രണ്ടാം ടി20യിൽ ഇന്ത്യ പുറത്തെടുത്തതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അവസാന അഞ്ചോവരിൽ വെറും 34 റൺസ് മാത്രം വിട്ടു നൽകിയ ഇന്ത്യ ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്നും എല്ലാ താരങ്ങളും അവരുടെ ഭാഗത്ത് നിന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോഹ്ലി വ്യക്തമാക്കി.
ബാറ്റിംഗ് രണ്ടാം ഇന്നിങ്സിൽ അല്പം എളുപ്പമായിരുന്നുവെങ്കിലും പിച്ചിൽ പന്ത് ഇടയ്ക്ക് ഗ്രിപ്പ് ചെയ്യുന്നുണ്ടായിരുന്നു എന്നും കോഹ്ലി പറഞ്ഞു. ഈ പിച്ചിൽ അരങ്ങേറ്റത്തിൽ ഇത്തരം പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷന്റെ ഇന്നിംഗ്സ് ഏറെ പ്രശംസ അർഹിക്കുന്നുവെന്നും താരം പറഞ്ഞു. തന്റെ സ്വന്തം ശൈലിയിൽ അശേഷം ഭയമില്ലാതെയാണ് കിഷൻ ബാറ്റ് വീശിയത്. താരത്തിന്റെ കൗണ്ടർ അറ്റാക്കിങ് പ്രകടനം ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Post Your Comments