ലഖ്‌നൗ : കല്യാണം കഴിഞ്ഞ് മണിക്കൂറുകൾക്കകം സ്വർണവുമായി നവവധു മുങ്ങി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം നടന്നത്. വിവാഹചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വർണവും ഉൾപ്പെടെ കൈക്കലാക്കിയാണ് വധു മുങ്ങിയതെന്ന് തിരിച്ചറിഞ്ഞത്.
ഫാറൂഖാബാദ് സ്വദേശിയായ 34-കാരനാണ് യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാൽ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തിൽനിന്ന് വിവാഹം ചെയ്യാൻ നിർദേശിച്ചിരുന്നു. തുടർന്ന് ഇവരെ അറിയാവുന്ന രണ്ടുപേർ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാൽ വരന്റെ കൈയിൽനിന്ന് മുപ്പതിനായിരം രൂപയും സ്വർണവുമെല്ലാം ഇവർ വാങ്ങിയിരുന്നു. പിന്നീട് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹചടങ്ങുകൾ നടത്തുകയായിരുന്നു.
Read Also : ആയൂർവേദ ഡോക്ടർ ചമഞ്ഞ് അതിഥി തൊഴിലാളികൾക്കിടയിൽ മോഷണം; പ്രതി പിടിയിൽ
ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേർക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാൽ മണിക്കൂറുകൾക്കകം വധുവിനെ വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും വധുവിനെയും മറ്റുരണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments