ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ തെഹ്‌സീൻ അക്തറിനെ ഇന്ന് ചോദ്യം ചെയ്യും. ഡൽഹി പോലീസ് പ്രത്യേക സെൽ ഉദ്യോഗസ്ഥർ തീഹാർ ജയിലിലെത്തിയാണ് തെഹ്‌സീൻ അക്തറിനെ ചോദ്യം ചെയ്യുക.
ശനിയാഴ്ച്ചയും അക്തറിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഏഴു മണിക്കൂറോളം നേരം ചോദ്യം ചെയ്തിട്ടും അക്തർ പോലീസിനോട് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്നാണ് അക്തറിനെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീന്റെ മുൻ മേധാവിയായിരുന്നു അക്തർ. നിരവധി സ്‌ഫോടന കേസുകളിൽ ഇയാൾക്ക് പങ്കുണ്ട്. അക്തറിനെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Read Also: ഡൽഹിയിൽ നരേന്ദ്രനെങ്കിൽ കേരളത്തിൽ സുരേന്ദ്രൻ; മോദിയുടെ ബഡാ ഫൈറ്റർ
കഴിഞ്ഞ ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. വീടിന് സമീപത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. പിന്നാലെ ജെയ്‌ഷെ ഉൽ ഹിന്ദ് ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ടെലഗ്രാമിലൂടെയായിരുന്നു സംഘടന ഭീഷണി സന്ദേശം അയച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭീഷണി സന്ദേശം ലഭിച്ചത് തീഹാർ ജയിലിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെഹ്‌സീൻ അക്തറിന്റെ പങ്ക് വെളിപ്പെടുന്നത്. ജെയ്‌ഷെ ഉൽ ഹന്ദ് ഭീകര സംഘടനയുടെ പേരിലുള്ള അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാർഡും ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments