ചെന്നൈ : മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ തന്റെ മത്സരത്തെ താന്‍ കാണുന്നതെന്ന് നടനും മക്കള്‍ നീതി മയ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കമല്‍ഹാസന്‍. കോയമ്പത്തൂര്‍ സൗത്തില്‍ താരം പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് താരം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
” മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ എന്റെ മത്സരത്തെ ഞാന്‍ കാണുന്നത്. ആ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചാല്‍, ജയിക്കുന്നത് ഞാന്‍ മാത്രമായിരിക്കില്ല. തമിഴ് മക്കളായിരിക്കും.” – കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സീറ്റുകള്‍ കഴിഞ്ഞ് ബാക്കിയുള്ള 80 സീറ്റുകളില്‍ ഘടക കക്ഷികളായ ആള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി, ഇന്തിയ ജനനായക കച്ചി എന്നിവരും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകളാണ് മക്കള്‍ നീതി മയ്യത്തിന് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
70 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി കമല്‍ഹാസന്‍ പുറത്തു വിട്ടു. ആകെയുള്ള 234 സീറ്റുകളില്‍ 154ലും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം മുന്‍പു തന്നെ പ്രഖ്യാപിച്ചിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സഹപ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ വി പൊന്‍രാജ്, ഗാനരചയിതാവ് സ്നേഹന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബു എന്നിവര്‍ പുതിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments