ആലപ്പുഴ: സംസ്ഥാനത്ത് മദ്യനിരോധനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വിറ്റഴിച്ചത് 65,000 കോടിയുടെ മദ്യം. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറന്നതിനുപുറമെ 200 പുതിയ ബാര്‍ ലൈസൻസും എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്കി.
മദ്യവര്‍ജന നയം നടപ്പാക്കുമെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രഖ്യാപിക്കുകയും ഇന്നസെന്റ്, കെ.പി.എ.സി ലളിത എന്നിവരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തെങ്കിലും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ മദ്യം സാര്വത്രികമാക്കിയതായി തെളിയുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 55 മാസത്തെ ഭരണകാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോള്‍ പിണറായി സര്‍ക്കാര്‍ 58 മാസത്തിനിടെ 64,619 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന വിവരം കൊച്ചിയിലെ ‘ദി പ്രോപ്പര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖയില്‍ പറയുന്നു. റവന്യൂ വരുമാനത്തിലെ ഇടിവ് നികത്താന്‍ ലഹരിവില്പന പ്രോത്സാഹിപ്പിക്കുന്ന നയം പുരോഗമനപരമല്ലെന്ന് പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
വി.എം. സുധീരനുമായുണ്ടായ അഭിപ്രായഭിന്നതയില്‍ ഉടലെടുത്ത കോണ്‍ഗ്രസിലെ ആഭ്യന്തരകലഹത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 29 എണ്ണം ഒഴികെ ബാറുകള്‍ പൂട്ടിയിരുന്നു. 2019 ഒക്ടോബറിലെ കണക്കുപ്രകാരമുള്ള 540 ബാറുകള്ക്കുപുറമെയാണ് 200 എണ്ണം അനുവദിച്ചത്.
2019-20 പ്രളയകാലത്ത് 14,700 കോടിയും 2020-21 കോവിഡുകാലത്ത് 10,340 കോടിയുടെയും മദ്യം മലയാളികള്‍ ഉപയോഗിച്ചു. എക്സൈസ് വകുപ്പ് ആവിഷ്കരിച്ച ‘വിമുക്തി’പോലുള്ള ലഹരിവര്‍ജന യജ്ഞങ്ങള്‍ പ്രഹസനങ്ങളാണെന്നും തെളിയുന്നു.
Post Your Comments