വിജയ് ഹസാരെ ട്രോഫി ഫൈനലിൽ മുംബൈ ഉത്തർപ്രദേശിനെ നേരിടും. പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ കടന്നത്. സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച മുംബൈ 49.2 ഓവറിൽ 322 റൺസ് നേടി. റൺവേട്ടക്കാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള പൃഥ്വി ഷാ നിലവിലെ ചാമ്പ്യന്മാരായ കർണാടകയുടെ ബൗളിംഗ് ആക്രമണത്തെ തച്ചുതകർക്കുകയായിരുന്നു. മുംബൈയ്ക്കായി 122 പന്തിൽ 165 റൺസ് നേടിയ യുവതാരം പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്‌സാണ് കർണാടകക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയ്ക്ക് വേണ്ടി ദേവ്ദത്ത് പടിക്കലും ശരത്തും പൊരുതി നോക്കിയെങ്കിലും 42.4 ഓവറിൽ 250 റൺസിന് നിലവിലെ ചാമ്പ്യന്മാരുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. ടൂർണമെന്റിലെ രണ്ടാം സെമിയിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് ഉത്തർപ്രദേശ് ഫൈനൽ ബർത്തുറപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറിൽ 184ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് 42.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. അക്ഷ്ദീപ് നാഥിന്റെ (71) ഇന്നിങ്‌സാണ് ഉത്തർപ്രദേശിന്റെ അനായാസ ജയം സമ്മാനിച്ചത്. ഞായറാഴ്ചയാണ് ഫൈനൽ.
Post Your Comments