കോട്ടയം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിനം തോറും വര്‍ധിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈനിലെ സെക്കന്‍ഹാന്‍ഡ് വിപണിയായ ഒഎല്‍എക്‌സിലും തട്ടിപ്പുകള്‍ പെരുകുകയാണ്. വീട്ടുപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന രീതിയില്‍ സൈനികരെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. വിലക്കുറവായതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ പലരും വീണു പോകുകയാണ് ചെയ്യുന്നത്.
മിലിറ്ററി കാന്റീന്‍ വഴി വിലക്കുറവില്‍ ലഭിച്ചതാണെന്നും ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇവ കൂടെ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതിനാലാണ് പകുതി വിലയ്ക്ക് നല്‍കുന്നതെന്നുമാണ് ഇവര്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുന്നത്. മാത്രമല്ല തട്ടിപ്പിന് ഇരയാകുന്നവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെ വാട്‌സാപ്പിലൂടെ അയച്ചു നല്‍കുകയും ചെയ്യും.
എന്നാല്‍ പണം കിട്ടുമ്പോള്‍ ഇവരുടെ രീതിയും മാറും. പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുന്നതും കൊറിയര്‍ ചാര്‍ജെന്ന പേരിലും അഡ്വാന്‍സ് തുകയായും പണം ആവശ്യപ്പെടുകയുമൊക്കെയാണ് ഇവര്‍ ചെയ്യുന്നത്. മാത്രമല്ല, പണം അയച്ചു കഴിഞ്ഞാല്‍ പിന്നെ ആ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുകയുമില്ല. വിലക്കുറവെന്ന പ്രലോഭനത്തില്‍ വീണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാരുതെന്നാണ് പൊതുജനങ്ങള്‍ക്ക് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
Post Your Comments