KeralaLatest News

നേമത്തെ കുറിച്ച് വെല്ലുവിളികൾ നടത്തുമ്പോഴും ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലാതെ കോൺഗ്രസ് ; കരുത്തന്‍ വന്നാലും ജയം കഷ്ടം

ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് റിസ്‌ക് ഏറ്റെടുത്ത് സംസ്ഥാന നേതാവ് പോരിനിറങ്ങിയാല്‍ കേരളമൊട്ടാകെ പ്രവര്‍ത്തകരിലും നേതാക്കളിലും വന്‍ ആവേശമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, ശശിതരൂര്‍ തുടങ്ങി ആരെ ഇറക്കിയാലും നേമത്ത് കോണ്‍ഗ്രസിന് വിജയിക്കാനാകുക ശ്രമകരമാണെന്നതാണ് യാഥാര്‍ത്ഥ്യം. സിംഹത്തെ അതിന്റെ മടയില്‍ പോയി നേരിടുന്ന ശൈലിയാണ് നേമത്ത് കരുത്തനെ രംഗത്തിറക്കുന്നത് വഴി കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഘടകക്ഷിക്ക് സീറ്റ് നല്‍കി ബി.ജെ.പി-കോണ്‍ഗ്രസ് രഹസ്യബാന്ധവമെന്ന പേരാണ് പാര്‍ട്ടി സമ്പാദിച്ചത്. അത് മാറ്റിയെടുത്ത് ബി.ജെ.പിയുടെ തേരോട്ടം മുളയിലെ നുളളുകയെന്നതാണ് നേമത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ സ‌സ്‌പെന്‍സ് നീളുന്നതിലെ പ്രധാന കാരണം.

ബൂത്ത് കമ്മിറ്റികള്‍ പോലുമില്ലാത്ത നേമത്ത് ജയിച്ചുകയറുകയെന്നത് കോണ്‍ഗ്രസിന് എളുപ്പമല്ല. ചുരുക്കം കമ്മിറ്റികള്‍ ഒഴിച്ച്‌ ഒട്ടുമിക്ക വാര്‍ഡ് കമ്മിറ്റികള്‍ പോലും കാര്യക്ഷമമല്ല. കഴിഞ്ഞ ബൂത്ത് പുന:സംഘടനയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തികയ്‌ക്കാന്‍ ഉണ്ടായ ശ്രമം കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്കേ അറിയൂ. മണ്ഡലത്തിലെ ഭൂരിപക്ഷം പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും അടുത്ത ബന്ധം പോലുമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേമം സീറ്റ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച വിജയന്‍ തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോയെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും നിശ്‌ചയമില്ലാത്ത അവസ്ഥയാണ്. മണ്ഡലത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് കുടുംബങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് ബി.ജെ.പിയിലാണ്.ശക്തികേന്ദ്രമായ നേമത്ത് ബി ജെ പിയുടെ മുന്നേറ്റം തടയാനായാല്‍ 140 മണ്ഡലങ്ങളിലും പ്രത്യേകിച്ച്‌ തിരുവനന്തപുരം ജില്ലയിലും അത് പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് ബി.ജെപി രഹസ്യബാന്ധവമെന്ന സി.പി.എമ്മിന്റ പതിവ് ആക്ഷേപത്തിന്റ മുനയൊടിക്കാനും ഇതുവഴി സാധിക്കും. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ കഴിയൂവെന്ന സന്ദേശവും പാര്‍ട്ടിക്ക് നല്‍കാന്‍ സാധിക്കും. ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് റിസ്‌ക് ഏറ്റെടുത്ത് സംസ്ഥാന നേതാവ് പോരിനിറങ്ങിയാല്‍ കേരളമൊട്ടാകെ പ്രവര്‍ത്തകരിലും നേതാക്കളിലും വന്‍ ആവേശമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 വാര്‍ഡുകളില്‍ ഒന്നുപോലും നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് ബഹുദൂരം വോട്ടുകളുടെ വ്യത്യാസത്തിലാണ് പിന്തളളപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 13860 വോട്ടുകള്‍ മാത്രമായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശിതരൂര്‍ പിന്നില്‍ പോയ ഏക മണ്ഡലവും നേമമാണ്. തരൂര്‍ വന്‍ജയം നേടിയപ്പോള്‍ പോലും നേമത്ത് ബി ജെ പിയേക്കാള്‍ പന്ത്രണ്ടായിരം വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ്. 2014ല്‍ ഇത് പതിനെണ്ണായിരമായിരുന്നു.

read also: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന വാദവുമായി ഇ ഡിക്കെതിരെ സന്ദീപ് നായരുടെ കത്ത്

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട സംസ്ഥാന നേതാവ് നേമത്ത് മത്സരിച്ചാല്‍ ഈ ചുരുങ്ങിയ സമയത്തിൽ മുഴുവന്‍ സമയവും മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങേണ്ടി വരും. ഇത് കോണ്‍ഗ്രസിന്റെ സംസ്ഥാനമൊട്ടാകെയുളള പ്രചാരണത്തെ തന്നെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. തോല്‍വി മണത്താല്‍ എതിരാളികള്‍ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പളളി നഷ്‌ടപ്പെടുമൊയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.  എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ നേമത്ത് ജയിക്കാനായാല്‍ പാര്‍ട്ടിയില്‍ ഒന്നാമനാകുമെന്നത് ഉറപ്പുമാണ്.  ദേശീയ തലത്തില്‍ തന്നെ നേമം കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button