പരസ്യവരുമാനം പത്രങ്ങളുമായി അർഹമായ രീതിയിൽ പങ്കുവെയ്ക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടതിനു പിന്നാലെ ഇതേ ആവശ്യവുമായി ടെലിവിഷൻ ചാനലുകളുടെ കൂട്ടായ്മയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും. ഇതുസംബന്ധിച്ച് കൂട്ടായ്മ ഗൂഗിളിനു കത്തെഴുതി. ജനങ്ങൾ വാർത്തകൾക്കായി ഗൂഗിൾ, യൂട്യൂബ്, ഫെയ്സ്ബുക്ക് പോലെയുള്ള പ്ളാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാൽ വരുമാനം കുറവാണെന്നാണ് കൂട്ടായ്മ പറയുന്നത്.
നേരത്തേ, പത്രങ്ങളുടെ ആധികാരികമായ ഉള്ളടക്കം പങ്കുവച്ചാണ് ഗൂഗിളിന് ഇന്ത്യയിൽ വിശ്വാസ്യതയുണ്ടായതെന്നും അതിലൂടെ ലഭിക്കുന്ന പരസ്യവരുമാനം പത്രങ്ങളുമായി നീതിയുക്തമായി പങ്കുവയ്ക്കണമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ സഞ്ജയ് ഗുപ്തയ്ക്ക് അയച്ച കത്തിൽ ഐഎൻഎസ് പ്രസിഡന്റ് എൽ. ആദിമൂലം ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റൽ മേഖലയിൽ നിന്നുള്ള പരസ്യ വിഹിതം കുറയുന്നതും കോവിഡ് വ്യാപനവും രാജ്യത്തെ പത്രമാധ്യമങ്ങൾക്കു തിരിച്ചടിയാണ്. വിഹിതം വർധിപ്പിക്കുന്നതിനു പുറമേ പരസ്യവരുമാനം സംബന്ധിച്ച സുതാര്യമായ റിപ്പോർട്ട് പ്രസാധകരുമായി ഗൂഗിൾ പങ്കുവയ്ക്കണം. ആധികാരികതയില്ലാത്ത വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ പങ്കുവയ്ക്കുന്നത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ വഴിയൊരുക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments