ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ അപൂർവ റെക്കോർഡിന് അരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 3000 റൺസ് തികയ്ക്കുന്ന ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് താരത്തെ കാത്തിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് കോഹ്ലി. 2,928 റൺസാണ് നിലവിൽ കോഹ്‌ലിക്കുള്ളത്. അഹമ്മദാബാദിൽ നാളെ നടക്കുന്ന ആദ്യ ടി20യിൽ 72 റൺസ് നേടിയാൽ അപൂർവ റെക്കോർഡ് കോഹ്ലിയുടെ പേരിലാകും. 85 മത്സരങ്ങളിൽ നിന്ന് 50.48 ആവറേജിൽ 25 അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
2,839 റൺസുമായി രോഹിത് ശർമയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2,773റൺസുമായി മാർട്ടിൻ ഗുപ്ടിൽ മൂന്നാമതും 2,346 റൺസുമായി ആരോൺ ഫിഞ്ച് നാലാമതും 2,335 റൺസുമായി ഷൊയ്ബ് മാലിക് അഞ്ചാം സ്ഥാനത്തും തുടരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര നാളെ മുതൽ ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര മാർച്ച് 12,14, 16, 18, 20 തീയതികളിലായി അഹമ്മദാബാദിൽ അരങ്ങേറും. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
Post Your Comments