
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കം കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തല്‍. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് വിഷയം തിരിഞ്ഞു കൊത്തുന്നത്.
കോണ്‍ഗ്രസിലെ പുതിയ താരോദയവും രാഹുല്‍ ഗാന്ധിയുടെ പ്രസംഗ പരിഭാഷകയുമായ ജ്യോതി വിജയകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പാര്‍ട്ടി വൃത്തങ്ങളില്‍ അലയടിക്കുകയാണ്.
ആര്‍ത്തവം ഒരു ശാപമല്ലെന്നും ജീവശാസ്ത്ര യാഥാര്‍ത്ഥ്യമാണെന്നും യുവതീ പ്രവേശം ആവശ്യമാണെന്നുമുള്ള ഇവരുടെ വാദങ്ങള്‍ ശബരിമല സ്ത്രീ പ്രവേശന വിഷയകാലത്ത് വന്‍ ചര്‍ച്ചയായിരുന്നു. ഇതിനെ അനുകൂലിച്ച് പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്ന ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടു വന്നിരുന്നു.
ഇതേ കോണ്‍ഗ്രസ് തന്നെ ഇപ്പോള്‍ ഇതിനെയൊക്കെ നിരാകരിച്ച് ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രചരണായുധമാക്കുന്നത് തികച്ചും ഇരട്ടത്താപ്പാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച. ശബരിമല എല്ലാവര്‍ക്കും ഉള്ളതാണെന്നും അത് ചരിത്രമാണെന്നും ജ്യോതി വിജയകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ശബരിമലയില്‍ വരുന്ന ആക്ടിവിസ്റ്റുകളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കും എതിരായി ജ്യോതി പ്രതികരിച്ചിരുന്നു. എന്തൊരു യുക്തിയാണ് ഇതെന്നും കോടതി വിധി എല്ലാ സ്ത്രീകള്‍ക്കും അല്ലെങ്കില്‍ സ്ത്രീ ഭക്തര്‍ക്കും മാത്രം ബാധകമാണോയെന്നും എല്ലാ പുരുഷന്മാരും ശബരിമലയില്‍ പ്രവേശിക്കുന്നുണ്ടോയെന്നുമായിരുന്നു ജ്യോതിയുടെ ചോദ്യം.
read also: ‘ജസ്‌നയെ തട്ടിക്കൊണ്ടു പോയതാവാം’; എഫ്‌ഐആറില്‍ സിബിഐയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സമരങ്ങളെയും ജ്യോതി അപലപിച്ചിരുന്നു. ദര്‍ശനത്തിനെത്തിയ യുവതികളെ ബിജെപിയുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തിനെതിരെയും ജ്യോതി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
അന്ന് ഈ പ്രതികരണങ്ങളെ അനുകൂലിക്കുകയും ഇന്ന് പ്രചരണായുധമാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെതിരെയുള്ള ബ്രഹ്മാസ്ത്ര പ്രയോഗമായിരുന്നു ജ്യോതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അതേസമയം ശബരിമല വിഷയത്തില്‍ ഇപ്പോഴും ജ്യോതിയുടെ നിലപാട് ഇതുതന്നെയാണെന്നാണ് വിവരം. പതിനായിരക്കണക്കിന് കോണ്‍ഗ്രസ് യുവതി, യുവാക്കള്‍ ഇക്കാര്യത്തില്‍ ജ്യോതിയെ പിന്തുണയ്ക്കുന്നുമുണ്ട്.ജ്യോതി വിജയകുമാറിന്റേതുള്‍പ്പെടെ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തു വന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ ഭദ്രമാണ്.
ഈ പശ്ചാത്തലത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയം പ്രചരണായുധമാക്കി മാറ്റുന്ന കോണ്‍ഗ്രസ് നിലപാട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പ് നയവും പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രതിഷേധവും തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഉയര്‍ത്തിക്കാട്ടാനാണ് നീക്കം. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ജ്യോതി വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായം നിലനില്‍ക്കുകയാണ്.
Post Your Comments