ലൈഫ് മിഷന് കേസിലെ ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന് മുന്നിൽ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാൽ, ഹാജരാകുന്നത് സംബന്ധിച്ച് കസ്റ്റംസിന് അറിയിപ്പ് ലഭിച്ചിട്ടില്ല.
Also Read:സിപിഎമ്മിൽ നിന്ന് എൻഡിഎയിലേക്ക് വന്നതിന്റെ യാഥാർത്ഥ കാരണം വെളിപ്പെടുത്തി പിഎസ് ജ്യോതിസ്
യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്കു നല്കിയ വിലകൂടിയ ഐ ഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈവശം എത്തി എന്നതിനെക്കുറിച്ചാണു കസ്റ്റംസിന് അറിയേണ്ടത്.
അതേസമയം, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. കസ്റ്റംസിൻ്റെ നോട്ടീസ് ഒന്നും തനിക്ക് വന്നില്ലെന്നും വിനോദിനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ, വിനോദിനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments