ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. യു.എസില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങി നിരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി മൂന്ന് ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യ അടുത്തമാസം ഒപ്പുവെക്കുമെന്നാണ് ലഭ്യമായ വിവരം.
ജനറല്‍ അറ്റോമിക്‌സ് നിര്‍മിക്കുന്ന 30 സായുധ എം. ക്യൂ 9 ബി സ്‌കൈ ഗാര്‍ഡിയന്‍ ഡ്രോണുകളാണ് യുഎസില്‍ നിന്നും ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. വ്യോമ നിരീക്ഷണത്തിനും, രഹസ്യാന്വേഷണത്തിനും ഇത് മുതല്‍ക്കൂട്ടാകും. 40 മണിക്കൂറോളം 40000 അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവയാണ് ഗാര്‍ഡിയന്‍ ഡ്രോണുകൾ. മണിക്കൂറില്‍ 388 കിലോമീറ്ററാണ് വേഗ പരിധി.
10 വര്‍ഷത്തിനുള്ളില്‍ സൈന്യത്തിന്റെ നവീകരണത്തിനായി 250 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഡ്രോണുകള്‍ വാങ്ങുന്നത്. ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഡ്രോണുകളുടെ കാര്യവും ഉയര്‍ന്നുവരും.
അതിര്‍ത്തിപ്രദേശങ്ങളില്‍ ചെറു നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിര്‍ത്തി പ്രദേശങ്ങളിലുമാവും ഇവയെ കൂടുതല്‍ നിയോഗിക്കുക. ഡ്രോണുകളുടെ കടന്നുവരവോടെ ഇന്ത്യൻ സൈന്യം കൂടുതൽ ശക്തരാകും.
Post Your Comments