2017 ചാമ്പ്യൻസ് ലീഗിലെ ബാഴ്‌സലോണയുടെ ക്ലാസിക് തിരിച്ചുവരവ് ഫുട്ബാൾ പ്രേമികൾ മറന്ന് കാണാനിടയില്ല. പ്രീക്വാർട്ടറിൽ ആദ്യപാദത്തിൽ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട ബാഴ്‌സ രണ്ടാം പാദത്തിൽ 6-1ന്റെ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് കറ്റാലൻസ് എന്ന് പാരിസിൽ പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ആദ്യപാദത്തിൽ പിഎസ്ജിയോട് 4-1ന് തോറ്റ ബാഴ്‌സയ്ക്ക് ഇന്ന് വൻ മാർജിനിൽ ജയിക്കേണ്ടതുണ്ട്.
അതേസമയം, 2017ലെ ബാഴ്‌സയല്ല 2021ലെ മെസ്സിയുടെ ബാഴ്‌സ. ലൂയിസ് സുവാരസ്, മെസ്സി, നെയ്മർ, റോബർട്ടോ എന്നിവരിലൂടെയായിരുന്നു ബാഴ്‌സയുടെ അന്നത്തെ ഗോൾ വേട്ട. മെസ്സിയെന്ന ഒറ്റയാനിൽ പ്രതീക്ഷയർപ്പിച്ചാണ് ബാഴ്‌സയുടെ ഇന്നത്തെ വരവ്. അന്റോണിയോ ഗ്രീസ്മാനും ഡെംബലയും ഫോമിലേക്കുയർന്നാൽ ബാഴ്‌സയുടെ തിരിച്ചുവരവ് പുതുചരിത്രമാകും.
നെയ്മറും മോയിസ് കീനുമില്ലെങ്കിലും പിഎസ്ജി നിരയിൽ വൻ താരനിരതന്നെയുണ്ട്. കിലിയൻ എംബാപ്പെയുടെ ഹാട്രിക്കാണ് ആദ്യപാദത്തിൽ പിഎസ്ജിയ്ക്ക് തുണയായത്. നെയ്മർ ഇല്ലാതെയാണ് ആദ്യപാദത്തിൽ സ്പെയ്നിൽ പിഎസ്ജി നാല് ഗോളിന്റെ ജയം നേടിയത്. സൂപ്പർ താരങ്ങളായ ഡി മരിയയും ഇക്കാർഡിയും ഇന്ന് ടീമിനൊപ്പം ചേരുന്നതും പിഎസ്ജിയ്ക്ക് മുതൽകൂട്ടാവും. അതേസമയം, റൊണാൾഡ് കോമാന് കീഴിൽ ഇറങ്ങുന്ന ബാഴ്‌സയ്ക്ക് പിഎസ്ജിക്കെതിരെ ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടിവരും. പാരിസിൽ ഇന്ന് അർദ്ധരാത്രി 1.30നാണ് മത്സരം.
Post Your Comments