Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

ചുവപ്പണിഞ്ഞ പത്തനംതിട്ടയിൽ കരുത്തറിയിക്കാൻ ബി.ജെ.പി, തിരിച്ചുവരവിനൊരുങ്ങി യു.ഡി.എഫ്

ജില്ലയിൽ അടൂര്‍, ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നിങ്ങനെ അഞ്ച് നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. പൊതുവെ എല്‍.ഡി.എഫിനോട് ആഭിമുഖ്യമുള്ള ഈ ജില്ലയില്‍ 2011 തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അടൂർ, തിരുവല്ല, റാന്നി എന്നിങ്ങനെ മൂന്നും യു.ഡി.എഫിന് പത്തനംതിട്ട, കോന്നി എന്നിങ്ങനെ രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. 2016 ല്‍ എല്‍.ഡി.എഫ് വീണ ജോർജിലൂടെ യു.ഡി.എഫിന്റെ കോട്ടയായ പത്തനംതിട്ട പിടിച്ചെടുത്ത് സീറ്റിന്റെ എണ്ണം നാലായി വര്‍ധിപ്പിച്ചു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കോന്നിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയും യു.ഡി.എഫിലെ മോഹൻ രാജിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിലെ ജിനേഷ് കുമാർ മണ്ഡലം പിടിക്കുകയും ചെയ്തു. അതോടെ ജില്ലയിലെ മുഴുവന്‍ മണ്ഡലവും എല്‍.ഡി.എഫിനൊപ്പമായി. 2021ലെ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ കൈപ്പിടിയിലാണ്. എന്നാൽ വോട്ടുവിഹിതത്തിന്റെ കണക്കുകളാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രവചനാതീതമാക്കുന്നത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 46.44 ശതമാനം വോട്ട് എല്‍.ഡി.എഫും 45.87 ശതമാനം വോട്ട് യു.ഡി.എഫും നേടി. ആ വര്‍ഷം 5.78 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം. അഞ്ച് വർഷങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, അതായത് 2016ല്‍ എല്‍.ഡി.എഫിന്റെ വോട്ട് 42 ശതമാനമായി കുറഞ്ഞു. യു.ഡി.എഫ് വിഹിതം 37.54 ശതമാനത്തിലേക്കും താഴ്ന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെയും മുന്നണികളുടെയും വോട്ട് വിഹിതം പരിശോധിച്ചാൽ കൂടുതല്‍ നേട്ടം ബി.ജെ.പിക്കാണെന്ന് കാണാം. 2011ല്‍ വോട്ട് വിഹിതം 5.78 ശതമാനമായിരുന്നത് 2016ല്‍ 19.09 ശതമാനമായി വര്‍ധിച്ചു.

അടൂരിൽ സ്ഥാനാർത്ഥിയാകാൻ പന്തളം പ്രതാപൻ; പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ

ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയായി യു.ഡി.എഫിനെയാണ് വോട്ടര്‍മാര്‍ തുണച്ചത്. 2009 ലും 2014 ലും 2019 ലും കോണ്‍ഗ്രസ്സിലെ ആന്റോ ആന്റണി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. ജയിച്ചെങ്കിലും ഇവിടെയും വോട്ട് വിഹിതം കുറയുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. 2019 ൽ കോണ്‍ഗ്രസ്സിന് 32.80 ശതമാനം വോട്ടാണ് ലഭിച്ചത്. 2014 ല്‍ അത് 41.19 ശതമാനവും 2009 ൽ 51.21 ശതമാനവുമായിരുന്നു. രണ്ടാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 28.97 ശതമാനമാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2014 ല്‍ സ്ഥിതി അതിനേക്കാള്‍ മെച്ചമായിരുന്നു. 34 ശതമാനം. 2009 ലെ തെരഞ്ഞെടുപ്പില്‍ 37 ശതമാനമുണ്ടായിരുന്നു. ഇവിടെയും നേട്ടം കൊയ്തത് ബി.ജെ.പിയാണ്. 2009ല്‍ നിന്ന് 2019 ലേക്കെത്തുമ്പോൾ ബി.ജെ.പിക്ക് വോട്ട് വിഹിതം 7ല്‍ നിന്ന് 28 ശതമാനമായി വര്‍ധിച്ചു.
ഏറ്റവും അവസാനം നടന്ന 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറിയ മുന്‍തൂക്കം എല്‍.ഡി.എഫിനായിരുന്നു. 53 ഗ്രാമപഞ്ചായത്തും 8 ബ്ലോക്ക് പഞ്ചായത്തും 1 ജില്ലാ പഞ്ചായത്തും 4 മുനിസിപ്പാലിറ്റികളുമുളള ജില്ലയില്‍ ചെറിയ ആനുകൂല്യം എല്‍.ഡി.എഫി.നായിരുന്നുവെന്നു പറയാം. 53 ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് മുന്നണികളും 23 പഞ്ചായത്ത് വീതം നേടി. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം- 8 ല്‍ ആറെണ്ണം, യു.ഡി.എഫിന് 2 എണ്ണം കൊണ്ട് തൃപ്തിപ്പെവേണ്ടി വന്നു. കൂടാതെ ജില്ലാ പഞ്ചായത്തും എല്‍.ഡി.എഫ് നേടി. എന്‍.ഡി.എ നാല് പഞ്ചായത്തില്‍ ഭരണത്തിലുണ്ട്.

സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പരസ്യം : പുതിയ നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

അടൂർ നിയോജകമണ്ഡലം

അടൂര്‍, പന്തളം നഗരസഭകളും തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന അടൂര്‍ മണ്ഡലം പട്ടികജാതി സംവരണമണ്ഡലമാണ്. നിലവില്‍ സി.പി.ഐയുടെ ചിറ്റയം ഗോപകുമാറാണ് ഇവിടെ എം.എൽ.എ. കോണ്‍ഗ്രസ്സിന്റെ കെ. കെ. ഷാജുവിനെയാണ് ഗോപകുമാര്‍ തോല്‍പ്പിച്ചത്. 2011ലും ഈ മണ്ഡലം പട്ടികജാതി സംവരണമണ്ഡലമായിരുന്നു. 2011ലും ചിറ്റയം ഗോപകുമാര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1991 മുതല്‍ 5 തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ്സിനെ തുണയ്ക്കുകയും, കോണ്‍ഗ്രസ്സിന്റെ ശക്തനായ നേതാവ് തിരുവഞ്ചൂരിനെ വിജയിപ്പിക്കുകയും ചെയ്തിരുന്ന ഈ മണ്ഡലം പക്ഷേ, പട്ടികജാതി സംവരണത്തിലേക്ക് മാറിയതോടെ എല്‍.ഡി. എഫിനെയാണ് പിന്തുണച്ചത്. സംവരണമണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് മാറി. പകരം പന്തളം സുധാകരന്‍ അടൂരിലേക്ക് വന്നു. തിരുവഞ്ചൂരിന്റെ വിജയം പക്ഷേ, സുധാകരന് ആവര്‍ത്തിക്കാനായില്ല. 96,073 പുരുഷ വോട്ടര്‍മാരും 1,10,619 വനിതാവോട്ടര്‍മാരുമുളള ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 74.52 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

രണ്ട് തവണയായി എല്‍.ഡി.എഫിനെ തുണച്ച അടൂര്‍ മണ്ഡലം പക്ഷേ, യു.ഡി.എഫിനെ കൈവിട്ടെന്ന് കരുതാനുമാവില്ല. 1965ല്‍ രൂപീകരിക്കപ്പെട്ട ഈ മണ്ഡലത്തിന്റെ ചരിത്രത്തില്‍ 12 തിരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ ആദ്യ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.കെ.ഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം, പിന്നീട് രണ്ട് തവണ സി.പി ഐ മണ്ഡലം ഭരിച്ചു. അടുത്ത രണ്ട് തവണയും യു.ഡി.എഫിനായിരുന്നു നറുക്ക്. 1987ല്‍ സി.പി.എം മണ്ഡലം പിടിച്ചെടുത്തെങ്കിലും നീണ്ട അഞ്ച് തെരഞ്ഞെടുപ്പുകളിലും പിന്നീട് കോണ്‍ഗ്രസ്സിനായിരുന്നു വിജയം. എന്നാൽ കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എല്‍.ഡി.എഫിനെ തുണച്ചു.

ഞാൻ രാമ–ഹനുമാൻ ഭക്തൻ, ഡല്‍ഹി ഭരണം രാമരാജ്യ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി ; കെജ്രിവാൾ

ആറന്മുള നിയോജകമണ്ഡലം

പത്തനംതിട്ട ജില്ലാ ആസ്ഥാനം അടങ്ങുന്ന ആറന്മുള മണ്ഡലത്തെ പതിറ്റാണ്ടുകളോളം കെ.കെ.നായരാണ് പ്രതിനിധീകരിച്ചിരുന്നത്. പത്തനംതിട്ട ജില്ല തന്നെ കെ.കെ.നായരുടെ കൂടി ശ്രമഫലമായാണ് രൂപീകരിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ ഈ ജില്ലയില്‍ ഏഴ് മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജനസംഖ്യാനുപാതികമായി എണ്ണം അഞ്ചാക്കി കുറയ്ക്കുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ സമ്മതിദായകരുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഏകദേശം 1,22960 സ്ത്രീകളും 1,10,404 പുരുഷന്മാരുമടക്കം ആകെ 2,33,365 വോട്ടര്‍മാര്‍,
പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കില്‍ ഉള്‍പ്പെടുന്ന ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്ന നിയമസഭാമണ്ഡലമാണ് ഇത്.

രണ്ട് മുന്നണികളും മാറിമാറി ഭരിച്ച ഈ മണ്ഡലത്തില്‍ ബി.ജെ.പിയും വളര്‍ച്ചയുടെ പാതയിലാണ്. വിമാനത്താവള വിരുദ്ധസമരം പ്രദേശത്തിന്റെ സവര്‍ണഹൈന്ദവ സാന്നിദ്ധ്യവും, ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം നിന്നതും ബി.ജെ.പിക്ക് വോട്ടാക്കിമാറ്റാൻ പറ്റിയ ഘടകമാണ്. നിയമസഭയില്‍ കഴിഞ്ഞ തവണ എല്‍ ഡിഎഫി.ന്റെ വീണ ജോര്‍ജാണ് തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ കെ.ശിവദാസന്‍നായരെ തോല്‍പ്പിച്ചത്. വീണ ജോര്‍ജിന് 64,520ഉം ശിവദാസന്‍നായര്‍ക്ക് 56,877ഉം വോട്ടുകളാണ് ഇവിടെ നിന്ന് കിട്ടിയത്. ബി.ജെ.പിയുടെ എം.ടി രമേശിന് 37,906 വോട്ടും ലഭിച്ചു.

പിണറായി വിജയനേയും ഇപി ജയരാജനേയുമൊക്കെ കൈകാര്യം ചെയ്യാൻ ബിജെപിക്ക് അര സെക്കൻഡ് മതി: വൈറലായി ഷാജഹാൻ്റെ വാക്കുകൾ

കോന്നി നിയോജകമണ്ഡലം

കോന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , വള്ളിക്കോട് ഗ്രാമപഞ്ചായത്ത്, ചിറ്റാര്‍, സീതത്തോട്, കലഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് കോന്നി നിയമസഭാമണ്ഡലം. 1965 ല്‍ നിലവില്‍ വന്ന കോന്നി നിയമസഭാ മണ്ഡലത്തില്‍ 1,97,956 വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്സിന് മേല്‍ക്കൈയുണ്ടെങ്കിലും എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതില്‍ ഈ മണ്ഡലം ഇതുവരെ മടികാണിച്ചിട്ടില്ല. ദീര്‍ഘകാലം അടൂര്‍പ്രകാശ് പ്രതിനിധീകരിച്ച ഈ മണ്ഡലം അദ്ദേഹം ലോക്‌സഭാ അംഗമായതിനെത്തുടര്‍ന്ന് ഒഴിവു വരികയും ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ജിനേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. യു.ഡി.എഫിന്റെ പി. മോഹന്‍രാജിനെയാണ് അദ്ദേഹം പതിനായിരത്തില്‍ത്താഴെ വോട്ടിന് പരാജയപ്പെടുത്തിയത്. 1996 മുതല്‍ 5 തവണ അടൂര്‍ പ്രകാശ് കൈയടക്കി വച്ചിരുന്ന ഈ മണ്ഡലം അദ്ദേഹം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസ്സിന് കൈവിട്ടുപോയത്. കഴിഞ്ഞ തവണ ജിനേഷ് കുമാര്‍ രചിച്ച ചരിത്രം ഇത്തവണ ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനാകുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ നടക്കുന്ന ചർച്ച. ഇടതുപക്ഷത്തിന് വേണ്ടി ജിനേഷ് കുമാര്‍ തന്നെ ഇവിടെനിന്ന് മല്‍സരിക്കാനും സാധ്യത കാണുന്നു. കോന്നി മണ്ഡലത്തിൽ ബി.ജെ.പിയും ശക്തമായ സാന്നീധ്യം കാണിച്ച പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളാണ് കഴിഞ്ഞുപോയത്.

ചൈന, പാക് വ്യോമാതിർത്തിയിലെ സുരക്ഷാ ശക്തമാക്കുന്നു, യു.എസ് നിർമ്മിത ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ; കരാർ അടുത്തമാസം

റാന്നി നിയോജകമണ്ഡലം

റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന റാന്നി, പഴവങ്ങാടി, അങ്ങാടി, പെരുനാട്, അയിരൂര്‍, ചെറുകോല്‍, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എഴുമറ്റൂര്‍, കോട്ടാങ്ങല്‍, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേര്‍ന്ന മണ്ഡലമാണ് റാന്നി. 1996 മതുല്‍ സി.പി. എമ്മിനെ ആവര്‍ത്തിച്ച്‌ തുണച്ച മണ്ഡലം. നിലവിലെ എം.എല്‍.എയും സി.പി.എമ്മിലെ രാജു എബ്രഹാമാണ്. ഇടത് ആഭിമുഖ്യമുള്ള മണ്ഡലമെന്ന ഖ്യാദിയുള്ള റാന്നി ഇത്തവണ എല്‍.ഡി.എഫിനെ തുണക്കുമെന്നാണ് പൊതുവിലയിരുത്തല്‍. കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി കേരള കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്താന്‍ റാന്നി സീറ്റ് അവര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. ഇത് ഇടത്പക്ഷത്തിന് പ്രത്യേകിച്ച്‌ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

തിരുവല്ല നിയോജകമണ്ഡലം

തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂര്‍, കുട്ടൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തിരുവല്ല മണ്ഡലം. ജനതാദള്‍ സെക്കുലറിലെ മാത്യു.ടി.തോമസാണ് 2006 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേരളത്തിലെ പഴയ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവല്ല. മൂന്നു തവണ മാത്യു.ടി.തോമസിലെ തുണച്ച ഈ മണ്ഡലം അതിനു മുമ്പ് മാണി പക്ഷത്തെയാണ് തുണച്ചത്. അതും ഇടതുപക്ഷത്തിന് ഇത്തവണ അനുകൂലമാകുന്ന ഘടകമാണ്.

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് പുറത്തിറങ്ങി , ഒരു ഡോസിന് മാത്രം 18 കോടി രൂപ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സാന്നിധ്യം തെളിയിച്ച എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങളുടെ കരുത്തറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്കം, ക്രിസ്ത്യന്‍ സഭകളുടെ നിലപാടുകള്‍, എന്‍.എസ്‌.എസ് പോലുള്ള സമുദായ സംഘടനകളുടെ നിലപാടുകള്‍ തുടങ്ങിയവ ഈ മണ്ഡലത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഇതൊക്കെ മറികടന്ന് കഴിഞ്ഞ തവണ എല്‍.ഡി.എഫിന് ലഭിച്ച മുന്‍തൂക്കം ഇനിയും ആവര്‍ത്തിക്കാനാവുമോ എന്നും ഇതിനിടയില്‍ ബി.ജെ.പി എന്തുനേട്ടമായിരിക്കും കൊയ്യുക എന്നുമൊക്കെയാണ് ഇനി അറിയാനുള്ളത്. തങ്ങള്‍ ജയിച്ചാല്‍ പത്തനംതിട്ടയുടെ പേര് ശബരിമല ജില്ലയെന്ന് മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജില്ലയിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാനാവുകയെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button