കൊച്ചി: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് കൈമാറിയ ഐഫോൺ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം വിനോദിനി ബാലകൃഷ്ണനെ ഇഡിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, വിനോദിനി കോടിയേരി നാളെ ഹാജരായില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം.
ഫോൺ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വിനോദിനിയുടെ മൊഴിയെടുത്ത ശേഷമാകും കസ്റ്റംസ് അന്വേഷണം സ്വപ്നയിലേയ്ക്ക് തിരിയുക. ഇതിനിടെ, ഐ ഫോൺ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു.
കോൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്നാണ് ബിനീഷ് കോടിയേരിയും ഐ ഫോൺ ഉപയോഗിച്ചിരുന്നു എന്ന് കസ്റ്റംസിനു വിവരം ലഭിച്ചത്. വിനോദിനിയുടെ പേരിലുള്ള സിം കാർഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന വിവരം കസ്റ്റംസ് ഇഡിക്ക് കൈമാറിയിട്ടുണ്ട്. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.
Post Your Comments