പാലക്കാട് : വാക്‌സിനെടുക്കാത്ത വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. കല്‍പ്പാത്തി അംബികാപുരത്തെ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന്‍ എന്ന 62-കാരനാണ് വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് തന്നെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വാക്‌സിനേഷനില്‍ നിരവധി പേര്‍ കടന്നു കയറിയിട്ടുണ്ടെന്ന ആക്ഷേപത്തിനിടെയാണ് പാലക്കാട്ടെ ഈ സംഭവവും പുറത്ത് വരുന്നത്.
സുബ്രഹ്മണ്യന്‍ വാക്‌സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ കൊപ്പം ലയണ്‍സ് സ്‌കൂളില്‍ വാക്‌സിനെടുക്കാന്‍ അനുമതിയും ലഭിച്ചു. സ്‌കൂളിലെത്തിയെങ്കിലും വാക്‌സിന്‍ ലഭിച്ചില്ല. എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്കും സുബ്രഹ്മണ്യന്‍ പരാതി നല്‍കി. സാങ്കേതിക പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള 35,000ത്തിലേറെ ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
Post Your Comments