Latest NewsIndiaNews

വനിതാ ദിനത്തില്‍ പി ടി ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? കുറിപ്പുമായി രവി മോനോൻ

തിരുവനന്തപുരം : അന്താരാഷ്ടവനിതാ ദിനത്തില്‍ പി ടി ഉഷയുമായുള്ള അടുപ്പം അനുസ്മരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പഴംപൊരി പന്തയം വെച്ച്‌ ഉഷയുടെ ഒട്ടോഗ്രാഫിന് പോയത്, ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായത്  എന്നിങ്ങനെ നിരവധി സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം…………………………

ഈ വനിതാ ദിനത്തിൽ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാൻ?
————
ഉഷയ്ക്ക് മെഡൽ നഷ്ടം, എനിക്ക് പഴംപൊരിയും
—————–
ചമ്മലുണ്ട് ഉള്ളിൽ. തെല്ലൊരു ഭയവും. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ഉഷ എന്നെ അവഗണിച്ചാൽ? അതിലും വലിയ അപമാനമുണ്ടോ? “പി ടി ഉഷയുടെ ഓട്ടോഗ്രാഫ് സംഘടിപ്പിച്ചാൽ ഹോട്ടൽ ഹിൽപാലസിൽ നിന്ന് എന്റെ വക നിനക്കൊരു ചായയും പഴംപൊരിയും.” — ഒപ്പമുണ്ടായിരുന്ന ദേവഗിരി കോളേജിലെ ഹോസ്റ്റൽമേറ്റ് വേലായുധന്റെ അൽപ്പം പരിഹാസച്ചുവ കലർന്ന വെല്ലുവിളിയായിരുന്നു ഓർമ്മയിൽ. എന്നിലെ അന്തർമുഖനെ അവനോളം തിരിച്ചറിഞ്ഞവർ വേറേയില്ലല്ലോ..

Read Also  :  ഇന്ത്യയുടെ ഭരണം പെട്ടെന്ന് കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ രാജ്യം വലിയ പതനത്തിലേക്ക് വീഴും ; ധര്‍മ്മജന്‍

ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയിൽ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒരു സാധാരണ ഷർട്ടും ഷോർട്ട്സും വേഷം. കയ്യിലൊരു വിസിലുമായി കുറച്ചകലെ നിന്ന് ശിഷ്യയുടെ പ്രകടനം വീക്ഷിക്കുന്നു കോച്ച് ഒ എം നമ്പ്യാർ. ചെറുപ്രായത്തിൽ തന്നെ പ്രശസ്തിയുടെ പാരമ്യത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നത് കൊണ്ട്, ഉഷയുടെ പരിശീലനം കാണാൻ ചെറിയൊരു ആൾക്കൂട്ടമുണ്ട് ചുറ്റും. കൂട്ടത്തിൽ നിന്ന് തെല്ലു മാറി, ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ തന്റെ അവസരം കാത്ത് പതുങ്ങിനിൽക്കുന്നു, ജീവിതത്തിൽ ആദ്യമായി ഒരു കായികതാരത്തിന്റ ഓട്ടോഗ്രാഫ് വാങ്ങാൻ പന്തയം വെച്ച് ഇറങ്ങിപ്പുറപ്പെട്ട “കോളേജ് കുമാരൻ.” ആ കാഴ്ച ആസ്വദിച്ച് കുറച്ചു ദൂരെ ഗോഷ്ഠികളും ആംഗ്യവിക്ഷേപങ്ങളുമായി വേലായുധനും സംഘവും.

പരിശീലന ഓട്ടം കഴിഞ്ഞു സ്റ്റാർട്ടിങ് പോയിന്റിലേക്ക് തിരികെ നടന്നുപോകുന്ന ഉഷയുടെ നേരെ മടിച്ചുമടിച്ച് ഓട്ടോഗ്രാഫ് നീട്ടി ഞാൻ. തിരിഞ്ഞുനോക്കാതെ ഒരു കൈവീശലായിരുന്നു പ്രതികരണം. എന്തായിരിക്കും അതിന്റെ അർത്ഥം ? കാത്തുനിന്ന് സമയം കളയാതെ സ്ഥലം വിട്ടോ എന്നോ? അതോ ഇപ്പോൾ സമയമില്ല, പിന്നെ കാണാം എന്നോ? അറിയില്ല. ഒരു ശ്രമം കൂടി നടത്തിനോക്കാം. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ? അടുത്ത വരവിന് സകല ധൈര്യവും സംഭരിച്ച് ഒരിക്കൽ കൂടി ഓട്ടോഗ്രാഫ് നീട്ടിയെങ്കിലും, കഥ ആവർത്തിച്ചു. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉഷ മുന്നോട്ടുതന്നെ. പക്ഷേ ഇത്തവണ ഒരത്ഭുതമുണ്ടായി. രണ്ടു ചുവട് നടന്നശേഷം അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കി ഉഷ. പിന്നെ ഭാവഭേദമൊന്നും കൂടാതെ നേരെ എന്റെയടുത്തു വന്ന് ഓട്ടോഗ്രാഫും പേനയും വാങ്ങി വടിവൊത്ത അക്ഷരങ്ങളിൽ എഴുതിത്തന്നു: “വിഷ് യു ഓൾ ദി ബെസ്ററ് … പി ടി ഉഷ.”

Read Also  :  അധികാര മോഹവുമായി വീണ്ടും മത്സരിക്കാനൊരുങ്ങി ഇബ്രാഹിംകുഞ്ഞ്, മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാകമ്മിറ്റി

ഓട്ടോഗ്രാഫ് ഒപ്പിട്ട് തിരിച്ചുതരുമ്പോഴും മുഖത്ത് നോക്കിയില്ല ഉഷ. നിരാശ തോന്നിയെന്നത് സത്യം. കയ്യൊപ്പ് വാങ്ങുന്നതിനേക്കാൾ ട്രാക്കിലെ രാജകുമാരിയെ നേരിൽ കണ്ടു പരിചയപ്പെടുകയായിരുന്നല്ലോ മുഖ്യ ലക്ഷ്യം. അവസരം ഒത്തുവന്നാൽ രണ്ടുവാക്ക് സംസാരിക്കുകയും. സാരമില്ല, പോട്ടെ. ചെറുപ്രായത്തിൽ തന്നെ മോസ്കോ ഒളിമ്പിക്സിൽ ഓടി ചരിത്രം സൃഷ്ടിച്ച പയ്യോളി എക്സ്‌പ്രസ് പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷ നമ്മളെ മൈൻഡ് ചെയ്തു എന്നതു തന്നെ വലിയ കാര്യം. ഓട്ടോഗ്രാഫ് കീശയിൽ തിരുകി തിരികെ കൂട്ടുകാരുടെ സമീപത്തേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരത്ഭുതം സംഭവിച്ചത്. മുന്നോട്ട് കുറച്ചുദൂരം നടന്നശേഷം തിരിഞ്ഞ് എന്റെ മുഖത്തുനോക്കി വെളുക്കെ ചിരിക്കുന്നു ഉഷ. ഹൃദയം തുറന്നുള്ള സ്റ്റൈലൻ ചിരി. പിന്നാലെ കോഴിക്കോടൻ ആക്സന്റിൽ ഒരു ചോദ്യം: “എന്താ ങ്ങളെ പേര്?”

“രവി”– എന്റെ മറുപടി.

ഓഹോ എന്ന് തലയാട്ടിയ ശേഷം ഉഷ പറഞ്ഞു: “താങ്ക് യു”

കഴിഞ്ഞു. വിടർന്ന ചിരിയുമായി യാത്ര പറഞ്ഞു നീങ്ങുന്ന ഉഷയെ അന്തംവിട്ടു നോക്കി നിൽക്കേ, ഉള്ളിലോർത്തത് ഇതാണ്: “എനിക്കെന്തിന് താങ്ക് യു? ഞാനങ്ങോട്ടല്ലേ പറയേണ്ടത്?”

Read Also  :   കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ചാലക്കുടിയില്‍ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

അപ്രതീക്ഷിതമായ ആ താങ്ക്‌യൂവിൽ നിന്ന്, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൂറിവന്ന നിഷ്കളങ്കമായ ചിരിയിൽ നിന്ന് തുടങ്ങുന്നു ഉഷയുമായുള്ള എന്റെ ആത്മബന്ധം. നാല് പതിറ്റാണ്ടുകൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അതെന്ന് മനസ്സ് മന്ത്രിക്കുന്നു. ബെറ്റ് വെച്ച് എന്നെ പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത വേലായുധന് നന്ദി; അവൻ വാഗ്ദാനം ചെയ്ത പഴംപൊരി സ്വപ്നം മാത്രമായി ഒടുങ്ങിയെങ്കിലും. “എടാ, ഉഷയ്ക്ക് ഒളിമ്പിക് മെഡലാ കൈവിട്ടുപോയത്. നിനക്ക് പഴംപൊരിയല്ലേ പോയുള്ളൂ..”- വർഷങ്ങൾക്കു ശേഷമൊരിക്കൽ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ പഴയ പന്തയക്കഥ ഓർത്തെടുത്ത് വേലായുധൻ പറഞ്ഞു.

പത്രപ്രവർത്തനത്തിലും കളിയെഴുത്തിലുമെത്തിപ്പെട്ട ശേഷം ആദ്യമെഴുതിയ ഫീച്ചറുകളിലൊന്ന് ഉഷയെ കുറിച്ചായിരുന്നു. സോൾ ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട നടത്തി തിരിച്ചുവന്ന ഉഷയെ പയ്യോളിയിൽ ചെന്നു കണ്ട് വ്യത്യസ്തമായ റിപ്പോർട്ട് എഴുതാൻ നിയോഗിച്ചത് കലാകൗമുദി പത്രാധിപർ എസ് ജയചന്ദ്രൻ നായർ. ഇരുപത്തഞ്ചു രൂപയുടെ ചെക്ക് ആയിരുന്നു പ്രതിഫലം. എഴുതിക്കിട്ടിയ ആദ്യത്തെ പാരിതോഷികം. ടെലിവിഷന് വേണ്ടി ചെയ്ത ആദ്യത്തെ ഫീച്ചറുകളിൽ ഒന്നും ഉഷയെക്കുറിച്ചു തന്നെ. ഇന്ത്യാവിഷൻ ചാനലിന്റെ തുടക്കകാലത്തെ “കൂടെ” എന്ന പരമ്പരയിൽ. കളിയെഴുത്തിന് ലഭിച്ച ആദ്യപുരസ്കാരമായ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് അവാർഡ് ഉഷയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത് മറ്റൊരു സുന്ദരമായ ഓർമ്മ..

Read Also  :   ഐപിഎൽ 2021: മത്സരക്രമം പ്രഖ്യാപിച്ചു, കന്നിയങ്കം മുംബൈയും ബാംഗ്ലൂരും തമ്മിൽ- തീ പാറും!

പിൽക്കാലത്ത് ഉഷയും ശ്രീനിയേട്ടനും എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി. ട്രാക്കിനും ഫീൽഡിനുമപ്പുറത്തേക്ക് വളർന്ന കുടുംബബന്ധം. ഉഷയുടെ സ്വപ്നപദ്ധതിയായ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എന്ന പ്രസ്ഥാനം സങ്കൽപ്പങ്ങളിൽ നിന്ന് യാഥാർഥ്യമായി വളരുന്നതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് കളിയെഴുത്തു ജീവിതത്തിലെ അസുലഭ ഭാഗ്യമായി കരുതുന്നു ഞാൻ; ഓണററി ട്രസ്റ്റിയുടെ റോളിൽ പ്രത്യേക ക്ഷണിതാവായി ഉഷ സ്‌കൂളിന്റെ ആദ്യ സംഘാടക യോഗങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും. ഉഷ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ കൗതുകത്തോടെ, ഉത്സാഹത്തോടെ പിന്തുടരാറുണ്ട് ഇന്നും; പുതുതാരങ്ങളുടെ പ്രകടനത്തിന്റെ ഗ്രാഫ് ശ്രദ്ധിക്കാറുമുണ്ട് — പിന്നണിയിൽ പഴയപോലെ സജീവമല്ലെങ്കിലും

ട്രാക്കിലെ പി ടി ഉഷയുടെ ജൈത്രയാത്ര വിസ്മയിപ്പിച്ചിട്ടുണ്ട് എന്നെ. ട്രാക്കിനു പുറത്ത് ഉഷ നേരിട്ട ക്രൂരമായ തിരിച്ചടികളും അപമാനങ്ങളും വല്ലാതെ വേദനിപ്പിച്ചിട്ടുമുണ്ട്. നിറഞ്ഞ ചിരിയിൽ നിന്ന് നിലയ്ക്കാത്ത കരച്ചിലേക്ക് ഉഷയെ എടുത്തെറിഞ്ഞ നിർഭാഗ്യകരമായ പല സംഭവവികാസങ്ങൾക്കും ഞാൻ സാക്ഷി. പക്ഷേ അത്തരം തിരിച്ചടികളൊന്നും ഉഷയിലെ പോരാളിയെ തളർത്തിയില്ല. തിരിച്ചടികളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ ഉഷ ഉഷയാകുമായിരുന്നല്ലോ. മനസ്സിലുള്ളത് ആരുടെയും മുഖം നോക്കാതെ വെട്ടിത്തുറന്നുപറയുന്ന ശീലം വരുത്തിവെച്ച വിനകൾ വേറെ. രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുകയും, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുകയും ചെയ്യുന്ന സാമൂഹ്യമാധ്യമ “ധർമ്മ”ത്തിന്റെ ഇരയായിരുന്നല്ലോ കുറച്ചുകാലം ഉഷയും.

Read Also  :  കള്ളൻ കപ്പലിൽ തന്നെ; പൊലീസ് ആസ്ഥാനത്ത് എസ്‌ഐക്കെതിരെ ആൾമാറാട്ടത്തിന് കേസ്

ഉഷയെ അടുത്തറിയുന്ന ആളുകൾക്ക് അതൊന്നും അത്ഭുതമേയല്ല. പൊട്ടിത്തെറിയും പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലും മാറിമാറി അലയടിച്ചുകൊണ്ടിരിക്കും ആ മുഖത്ത്. നാട്യങ്ങളേതുമില്ലല്ലോ അടിമുടി നാട്ടിൻപുറത്തുകാരിയായ ഈ “സിലബ്രിറ്റി”ക്ക്. സ്വന്തം വാക്കുകളിലെ ആത്മാർത്ഥത പലപ്പോഴും തെറ്റി വായിക്കപ്പെടുന്നതിലേയുള്ളൂ അല്പമെങ്കിലും ദുഃഖം. ഇപ്പോൾ അത്തരം തെറ്റിദ്ധാരണകളോടും പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു ട്രാക്കിലെ പെൺപുലി.

തീയിൽ കുരുത്തയാൾ എങ്ങനെ വെയിലേറ്റ് വാടാൻ?

ഇതൊക്കെയാണ് ഉഷ. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ, ഇന്ത്യയുടെ ഒരേയൊരു ഉഷ. ഈ വനിതാദിനത്തിൽ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാൻ ? മെഡിക്കൽ കോളേജ് മൈതാനത്തിന്റെ ഓരത്ത് ഓട്ടോഗ്രാഫിന് വേണ്ടി ആകാംക്ഷയോടെ, അക്ഷമയോടെ കാത്തുനിന്ന ആ കോളേജ് പയ്യൻ ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ട് പ്രത്യേകിച്ചും…

–രവിമേനോൻ

https://www.facebook.com/ravi.menon.1293/posts/10157471834936090

shortlink

Related Articles

Post Your Comments

Related Articles


Back to top button