ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്‌ട് (ഫെറ) 1973 ലെ സെക്ഷന്‍ 31 ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസ് എ എം ഖാന്‍വില്ക്കര്‍ അദ്ധ്യക്ഷത വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ പുതിയ വിധി പ്രവാസികളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് നോക്കാം. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് അവരുടെ പേരിൽ നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനും ഇനിമുതല്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഇതുസംബന്ധിച്ച സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
സെക്ഷൻ 31 പ്രകാരം ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയിലെ സ്വത്തുക്കള്‍ വില്‍ക്കുവാനോ പണയപ്പെടുത്തുവാനോ റിസര്‍വ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ റിസർവ് ബാങ്ക് അനുമതി ലഭിച്ചില്ലെങ്കിൽ അതിന് നിയമപരമായ സാധുതകൾ ലഭിക്കില്ല. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതുവരെ നടന്ന ഇടപാടുകള്‍ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.
നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണിത്. ഗള്‍ഫ് മലയാളികള്‍ക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാല്‍ എന്‍ ആര്‍ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍, ഒരു നിശ്ചിത കാലാവധി തീരുമ്പോള്‍ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഇരട്ടപൗരത്വം എന്ന ആശയം ചര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത് ഒ സി ഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നല്‍കിയിരുന്നു. ഇതനുസരിച്ച്, നാട്ടില്‍ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവർ നിരവധിയാണ്. ഇത്തരക്കാർക്ക് ഈ സുപ്രധാന വിധി കടുപ്പമേറിയതാകും.
ബംഗളൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ല്‍ ചാള്‍സ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസര്‍വ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു കോടതിയുടെ പരിഗണനയിൽ എത്തിയത്.
Post Your Comments