KeralaLatest NewsIndia

സ്വപ്നാ സുരേഷിന് അട്ടക്കുളങ്ങര ജയിലില്‍ ഭീഷണി: ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കോടതിയിൽ

ചില ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്ന് ജയില്‍ അധികൃതര്‍ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തടയിട്ടു.

തിരുവനന്തപുരം: സ്വപ്നാ സുരേഷിന് അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയുണ്ടായെന്ന പരാതിയില്‍ ജയില്‍ വകുപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി കസ്റ്റംസ് ഹൈക്കോടതിയില്‍. ചില ഉന്നതരുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തിയെന്ന് ജയില്‍ അധികൃതര്‍ അറിഞ്ഞതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് തടയിട്ടു. സംസ്ഥാന ഡി.ജി.പി.യുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇത്.

സ്വപ്നയുടെ കുട്ടികളുമായി സംസാരിക്കുന്നതില്‍ വരെ നിയന്ത്രണം ജയിലധികൃതര്‍ കൊണ്ടുവന്നു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ ഹര്‍ജിയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന സാമ്പത്തിക കോടതിയുടെ നിര്‍ദേശത്തിനെതിരേ ജയില്‍ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരേയാണ് കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാതിരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും ജീവനുതന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വപ്ന കത്തുനല്‍കി. ഇതാണ് മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിലേക്ക് എത്തിച്ചത്.

സ്വപ്നയ്ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നതിനെതിരേ ജയില്‍വകുപ്പ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കോഫെപോസ പ്രതിക്ക് നല്‍കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍പോലും സ്വപ്നയ്ക്ക് നല്‍കിയില്ലെന്നും കസ്റ്റംസ് ആരോപിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ച അനുവദിക്കണമെന്ന് കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെട്ടതിന് ജയില്‍ അധികൃതര്‍ 2020 ഡിസംബര്‍ 23-ന് നല്‍കിയ മറുപടിയില്‍ സംസ്ഥാന പോലീസ് മേധാവി സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ വിലക്കിയിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്.

സംഭവത്തിനുശേഷം കൊഫേപോസ പ്രതികളെ സന്ദര്‍ശിക്കുന്നതില്‍നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കിയത് സംശയാസ്പദമാണ്. ജയിലിലേക്ക് അയക്കുന്ന പ്രതിക്ക് മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്നില്ലായെന്ന് ഉറപ്പാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button