കൊച്ചി : ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കരിപ്പൂര്‍ വിമാനത്തവാളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. രണ്ട് തവണ റിമൈന്‍ഡര്‍ നല്കുകയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നയതന്ത്ര കള്ളക്കടത്ത് കേസിനെ തുടര്‍ന്ന് സിബിഐക്കുള്ള പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സിബിഐ കേസാണിത്.
കഴിഞ്ഞ ജനുവരി 12 നാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യവിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണവുമാണ് കണ്ടെടുത്തത്. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റ് പെട്ടികളുമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്ത് മാഫിയയും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Post Your Comments