തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യനെറ്റ് ന്യൂസിനോടാണ് പറഞ്ഞത്.
‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപചയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ജോസ് കെ മാണിയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ മുന്നണിയും സര്‍ക്കാരും അധികാരത്തില്‍നിന്നും പോകാന്‍ കാരണം കെഎം മാണിയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമല്ലേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഉണ്ടായത്. മാണി സാറിനെ പരലോകത്തേക്ക് പറഞ്ഞയച്ചവരാണ് ഇപ്പോള്‍ പാലായില്‍ അദ്ദേഹത്തിന്റെ പ്രതിമ വെക്കുന്നത്. പ്രതിമ വെച്ചിട്ടെന്ത് കാര്യം? കെഎം മാണിയെ പ്രതിമയാക്കിയത് ഇവരല്ലേ. മനസ് ഉരുകിയല്ലേ അദ്ദേഹം മരിച്ചത്?’ ഉണ്ണിത്താന്‍ പറഞ്ഞു.
രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് നരേന്ദ്ര മോദിയെ കാണുമ്പോഴെന്നും അദ്ദേഹം വിമര്‍ശിച്ചു. നരേന്ദ്ര മോദിയെ എന്തിനാണ് മുഖ്യമന്ത്രി പേടിക്കുന്നത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. അവരുടെ അടിസ്ഥാന പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാന്മക ഭൗതിക വാദത്തില്‍ വരെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കണ്ണൂരില്‍ പിണറായി വിജയന്റെ ചിത്രം ശ്രീകൃഷ്ണന്റെ വേഷത്തില്‍ വെച്ചിരിക്കുകയാണ്. ഉണ്ണിത്താൻ ആരോപിച്ചു.
Post Your Comments