കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു തരിപോലും കാണില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. പക്ഷേ, അവർ സമാധാനകാംക്ഷികളാണ്, അവർക്ക് ക്ഷമയും ആത്മസംയമനവും ഉണ്ട് എന്നാണ് ഉണ്ണിത്താൻ പറയുന്നത്. കാസർഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു ഉണ്ണിത്താൻ. ഹമാസിനെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തങ്ങളുടെ ഭൂമിയെയും ആളുകളെയും ജീവിതത്തെയും സംരക്ഷിക്കാൻ ആയുധമെടുത്തവരാണ് ഹമാസ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നതിനെ എതിർക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനീവ കൺവെൻഷൻ ലംഘിച്ച നെതന്യാഹു യുദ്ധക്കുറ്റവാളിയാണ് എന്നാണ് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടുന്നത്.
ഇറാഖിലെ പത്ത് ലക്ഷത്തോളം മുസ്ലീങ്ങളേയും അറബുകളേയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ ഏഴ് ലക്ഷത്തോളം മുസ്ലീങ്ങളെയാണ് കൊന്നത്. വിയറ്റ്നാമിലേയും കൊറിയയിലേയും നിരപാരാധികളേയും അമേരിക്ക കൊന്നു. എന്നാൽ അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീർന്നില്ല. അതാണ് പലസ്തീനിൽ കാണുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയ്ക്ക് പലസ്തീനുമായി വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അമേരിക്കയെ പിന്തുണയ്ക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് നാണമില്ലേ? ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു. ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടതിനാലാണ് ഹമാസ് ആയുധമെടുത്തതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Post Your Comments