ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 66 പന്തുകൾ നേരിട്ട പൂജാര 17 റൺസുമായി മടങ്ങി. ജാക്ക് ലീച്ച് പൂജാരയെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 31 റൺസുമായി റിഷഭ് പന്ത് ക്രീസിലുള്ളതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നത്. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൺ, ലീച്ച്, സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 49 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 205 റൺസിന് ഓൾഔട്ടായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് ഇന്ത്യൻ ബോളാക്രമണത്തിന് ചുക്കാൻ പിടിച്ചത്. അശ്വിൻ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
Post Your Comments