ഡോളർക്കടത്ത് കേസിൽ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡോളർക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
കോൺസുൽ ജനറലിൻ്റെ സഹായത്തോടെ ഡോളർ കടത്തിയെന്നാണ് സ്വപ്ന നൽകിയ രഹസ്യമൊഴി. കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോൺസുൽ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയത്. ഇവരെ കൂടാതെ മൂന്ന് മന്ത്രിമാർക്കും ഡോളർ ഇടപാടിൽ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന് വ്യക്തത വരുത്തേണ്ടതായി വരും.
Post Your Comments