ശ്രീനഗർ : നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കശ്മീർ സ്‌കൂളിലെ അദ്ധ്യാപകർ. പൂഞ്ച് ജില്ലയിലെ ഫക്കീർദാര സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ വെടിയുതിർക്കുമ്പോഴെല്ലാം സ്‌കൂളിന് കേടുപാടുകൾ സംഭവിച്ചിരുന്നു എന്നാണ് അദ്ധ്യാപകർ വെളിപ്പെടുത്തുന്നത്. ഇത് സ്‌കൂളിലെ വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ കരാർ ധാരണയായതിൽ വളരെയധികം സന്തോഷമുണ്ട്. സ്‌കൂളിലെ കുട്ടികളും അതിന്റെ ആഹ്ലാദത്തിലാണ്. വെടിവെപ്പ് കാരണം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ വരെ ഭയമായിരുന്നു. അതിർത്തിയിൽ വെടിവെപ്പ് ആരംഭിച്ചാൽ സ്‌കൂളിലുള്ളവരാണ് ദുരിതത്തിലായിരുന്നത്. എന്നാൽ കുറച്ച് നാളുകളായി ഇവിടെ ശാന്തമായ അന്തരീക്ഷമാണ് കാണാൻ സാധിക്കുന്നത് എന്നും അദ്ധ്യാപകർ പറയുന്നു.
നേരത്തെ പാക് സൈന്യം അതിർത്തിയിൽ വെടിയുതിർക്കുമ്പോഴെല്ലാം സ്‌കൂളിന് കേടു പാടുകൾ സംഭവിച്ചിരുന്നു. വെടിയുണ്ടകൾ കൊണ്ട് സ്‌കൂളിലെ നിരവധി ജനാലകളാണ് പൊളിഞ്ഞുപോയത്. പൊളിഞ്ഞു പോയതെല്ലാം ശരിയാക്കുന്നത് എല്ലാവരും ചേർന്നായിരുന്നു എന്നാണ് അദ്ധ്യാപകർ പറയുന്നത്.
അതിർത്തിയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായി ഉന്നതതല ചർച്ചകൾ നടന്നിരുന്നു. ഇന്ത്യ-പാക് സൈനിക മേധാവികളുമായി നടന്ന യോഗത്തിൽ ഫെബ്രുവരി 24 അർദ്ധരാത്രിമുതൽ കരാർ പാലിക്കണമെന്നാണ് ധാരണയായത്. എല്ലാ കരാറുകളിലും നല്ല ജാഗ്രതപുലർത്താനും തീരുമാനമായിരുന്നു.
Post Your Comments