ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടത് വലത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്ക് തള്ളി കെ.എസ്. ആർ.ടി.സി.
ഇരുപത്തിനാല് മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബി.എം.എസ് യൂണിയന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തില്‍ ഇറങ്ങിയത്. ആശുപത്രിയാത്രക്കാര്‍, ദിവസവേതന തൊഴിലാളികള്‍, ഹോട്ടൽ തൊഴിലാളികൾ, ഉള്‍പ്പെടെയുള്ള പതിനായിരങ്ങൾക്കാണ് ബി.എം.എസിന്റെ ഇടപെടല്‍ അനുഗ്രഹമായത്.
നിലവിൽ കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 2800 ഷെഡ്യൂളുകളാണ് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 1844 ഷെഡ്യൂളുകളും ഇന്നു ഓപ്പറേറ്റ് ചെയ്തു. 60 ശതമാനം സര്‍വീസുകള്‍ ഇന്ന് ഓപ്പറേറ്റ് ചെയ്യാനായെന്നും പണിമുടക്ക് ദിനത്തിന്റെ റെക്കോര്‍ഡാണിതെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് പറയുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം ഇവയിൽ ഉൾപ്പെടും. വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ സര്‍വീസുകൾ നടത്തിയത്.
പണിമുടക്ക് പ്രമാണിച്ച് സര്‍വീസ് നടത്തില്ലെന്ന് ഇന്നലെ രാത്രി തന്നെ കെ.എസ്.ആര്‍.ടി.സിയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നു. അതേസമയം, ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് ബി.എം.എസ് സ്വീകരിച്ചത്. രാവിലെ തന്നെ ബി.എം.എസ് യൂണിയനുകളില്‍ അംഗങ്ങളായ ജീവനക്കാര്‍ എല്ലാ ഡിപ്പോകളില്‍ എത്തുകയും ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ തയാറാവുകയുമായിരുന്നു.
ഇതിനോടൊപ്പം ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലാതിരുന്ന തൊഴിലാളികളും ചേരാൻ തയാറായി. ചില ഡിപ്പോകളില്‍ ഇടത്, വലത് യൂണിയനുകള്‍ ഉയര്‍ത്തിയ പ്രതിഷേധം തള്ളിയാണ് ബി.എം.എസ് ഇന്ന് നിരത്തുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇറക്കിയത്. ഓട്ടോ, ടാക്‌സി എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടിസി നിരത്തില്‍ ഇറങ്ങിയത് പതിനായിരക്കണക്കിന് പേര്‍ക്കാണ് ഉപകാരപ്പെട്ടത്.
Post Your Comments