ഏറെ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് രീതിയിൽ നിന്നും മാറിയുള്ള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്നും ഇത്തരത്തിലുള്ള മാറ്റങ്ങളാണ് തന്നെപ്പോലുള്ളവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പതിവ് രീതികളിൽ നിന്നും മാറിയുള്ള സിനിമ, സർവ്വിത ചർവ്വണം ചെയ്ത രീതികളിൽ നിന്നും മാറി പുതിയതായി എന്തെങ്കിലും മലയാള സിനിമയിൽ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിൽ മാറ്റങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. കല്യാണം കഴിച്ചുക്കൊണ്ട് വന്ന പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ ഒതുക്കുന്ന പ്രവണത. അത് സ്വാഭാവികമാണെന്നാണ് വീട്ടുകാർ കരുതുന്നത്. ആ വീട്ടിലെ അമ്മ ഈ രീതിയോട് മെരുകി കഴിഞ്ഞിരിക്കുന്നു.
ഭർത്താവിന്റെയും അച്ഛന്റെയും മുഖത്തേയ്ക്കു അഴുക്കു വെള്ളം ഒഴിക്കുന്ന രംഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. അടുക്കളയിലേക്കുള്ള പൈപ്പ് കേടായ കാര്യം ഭർത്താവിനോട് പറഞ്ഞിട്ടും അയാൾ അത് നിസ്സാരമായി കരുതുകയാണ്. വാസനകൾ ഉള്ള പെൺകുട്ടികൾ വീട്ടിൽ തന്നെ തളയ്ക്കപ്പെടുന്ന അവസ്ഥ ഇപ്പോഴും ഉണ്ട്.’ ഇനിയും മാറ്റം വരാത്ത പുരുഷന്മാരുടെ മാനസിക അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.
അതേസമയം, അടൂരിൻ്റെ വാക്കുകൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ജിയോ ബേബി ഫേസ്ബുക്കിൽ കുറിച്ചു. മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മഹത്തായ അടുക്കളയെക്കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ് എന്നാണ് ജിയോ ബേബി കുറിച്ചത്.
Post Your Comments