ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ. വാക്‌സിൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമാണ്.
ഭാരത് ബയോടെക് നിർമിച്ച വാക്‌സിനെ കുറിച്ച് രാജ്യത്ത് തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇന്ത്യയിൽ അനുമതി നൽകിയ രണ്ടു വാക്സിനുകളും സുരക്ഷിതമാണെന്ന് പറയുമ്പോഴും ആളുകൾക്കിടയിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ, പ്രധാനമന്ത്രി ഇന്ന് വാക്‌സിൻ സ്വീകരിച്ചതോടെ അതിൽ മാറ്റമുണ്ടായി. ഇക്കാര്യത്തിൽ അദ്ദേഹത്തോട് നന്ദിയുണ്ട്.
മറ്റുള്ളവർക്ക് നിങ്ങൾ മാതൃകയാവണമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. രാജ്യത്ത് മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ നൽകി തുടങ്ങിയപ്പോൾ അദ്ദേഹം അത് സ്വീകരിച്ചു. ഇത് അദ്ദേഹത്തിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നതാണ്. രാജ്യത്ത് 60 വയസിനു മുകളിലുള്ളവരും 45വയസിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്സിൻ സ്വീകരിക്കണം. താൻ ഇന്ന് വാക്സിൻ സ്വീകരിക്കുന്നതിന് പേര് രജിസ്റ്റർ ചെയ്ത് നാളെ വാക്സിൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ എയിംസിൽ എത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.
Post Your Comments