തിരുവനന്തപുരം: കുഞ്ഞുമകള്‍ക്കൊപ്പം കായലില്‍ ചാടി യുവതിയും പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടി സഹോദരിയും ജീവനൊടുക്കിയ സംഭവത്തില്‍ ആറുവര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. അയിരൂര്‍ വേങ്കോട് ചരുവിള വീട്ടില്‍ റഹീമിന്റെ ഭാര്യ ജാസ്മിന്‍ (33), മകള്‍ ഫാത്തിമ, ജാസ്മിന്റെ സഹോദരി സജ്‌ന (26) എന്നിവരുടെ മരണങ്ങളാണ് ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നത്. 2015 നവംബര്‍ 29ന് വൈകുന്നേരം ജാസ്മിനും മകളും ആക്കുളം കായലില്‍ ചാടിയും ഈ വിവരമറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ സജ്‌ന പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടിയുമാണ് ജീവനൊടുക്കിയത്. മരണമറിഞ്ഞ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ റഹീമിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ആത്മഹത്യയുടെ കാരണങ്ങളോ അതിന് പ്രേരിപ്പിച്ചവരാരെന്നോ കണ്ടെത്താനായിട്ടില്ല.
Read also : കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
സഹോദരി സജ്‌ന ബംഗളൂരുവില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പോയ സമയത്താണ് ജാസ്മിനും അമ്മയും മൂന്നുമക്കളും കാറില്‍ താമസ സ്ഥലത്തുനിന്ന് കിലോ മീറ്ററുകള്‍ അകലെയുള്ള ആക്കുളം പാലത്തിലെത്തിയത് . മൂത്ത രണ്ടു കുട്ടികളോട് കായലില്‍ ചാടണമെന്ന് നിര്‍ദ്ദേശിച്ചശേഷം ഇളയ കുഞ്ഞിനെയുമെടുത്ത് ജാസ്മിനും പിന്നാലെ അമ്മയും കായലിലേക്ക് ചാടി. പാലത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ തയ്യാറെടുത്തു നിന്ന രണ്ട് കുട്ടികളെയും അതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ തടഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നു. മത്സ്യബന്ധനവലയില്‍ കുടുങ്ങിയ ജാസ്മിന്റെ അമ്മയെയും രക്ഷിച്ചു. എന്നാല്‍, ഒഴുക്കില്‍പ്പെട്ട് മുങ്ങിയ ജാസ്മിനെയും ഇളയമകളെയും രക്ഷിക്കാനായില്ല. സഹോദരിയും മകളും ജീവനൊടുക്കിയ വിവരമറിഞ്ഞ് ബംഗളൂരുവില്‍ നിന്നെത്തിയ സജ്‌ന അടുത്ത ദിവസം രാവിലെ പേട്ടയില്‍ എത്തി ജീവനൊടുക്കുകയായിരുന്നു.
Post Your Comments