ന്യൂഡൽഹി∙ നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ പരസ്യമായി ശബ്ദമുയർത്തിയ മുതിർന്ന നേതാക്കളും ഔദ്യോഗിക പക്ഷവും തമ്മിൽ കോൺഗ്രസിൽ പോര് മുറുകുന്നു. കോൺഗ്രസ് ദുർബലമാകുന്നുവെന്ന് ജമ്മുവിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ, മുതിർന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തുവന്നു.
പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ട് ജനങ്ങൾ പഠിക്കണമെന്നു ജമ്മുവിൽ ഗുജ്ജർ സമുദായത്തിന്റെ സമ്മേളനത്തിൽ ആസാദ് പറഞ്ഞു. ‘സ്വന്തം വേരുകൾ മറക്കാത്തയാളാണു മോദി. ചായവിൽപനക്കാരനെന്ന് അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നു.
മോദിയുമായി തനിക്കു രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം വളരെ വിനയമുള്ള വ്യക്തിയാണ്’ – ആസാദ് പറഞ്ഞു. വിവിധ വിഷയങ്ങളിൽ മോദിയെ രാഹുൽ ഗാന്ധി നിരന്തരം കടന്നാക്രമിക്കുന്നതിനിടെയാണ് ആസാദിന്റെ പരാമർശമെന്നതു ശ്രദ്ധേയം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻപ് സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളെ നയിച്ചത് ആസാദ് ആയിരുന്നു.
നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവരികയും പിന്നാലെ മോദിയെ പുകഴ്ത്തുകയും ചെയ്തതിലൂടെ, രാഹുലിനോടുള്ള എതിർപ്പ് കൂടിയാണ് ആസാദ് വ്യക്തമാക്കുന്നത്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ സിങ് ഹൂഡ, രാജ് ബബ്ബർ തുടങ്ങിയവരും ആസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്. ജമ്മുവിലേതിനു സമാനമായ സമ്മേളനം വരും ദിവസങ്ങളിൽ ഹിമാചലിലും സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണു സംഘം.
read also: ടിക്‌ടോക് താരമായ യുവതിയുടെ മരണം; ശിവസേനയ്ക്ക് കനത്ത തിരിച്ചടി, മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
കേരളത്തിലടക്കം ഏറെ നിർണായകമായ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, പ്രചാരണത്തിൽ കോൺഗ്രസിനെ സഹായിക്കുന്നതിനു പകരം സമ്മേളനങ്ങൾ നടത്തി നേതൃത്വത്തെ പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നു രാഹുലിനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക പക്ഷം ആരോപിച്ചു. രാഹുലിനെ വീണ്ടും പ്രസിഡന്റാക്കാൻ കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിക്കുമ്പോഴും പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനു പൂർണ പിന്തുണയില്ലെന്നതിന്റെ സൂചനയാണ് ആസാദിന്റെ സംഘത്തിന്റെയും നിലപാട്.
Post Your Comments