തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവളം എംഎല്‍എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കള്ളം മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ പരമാവധി നോക്കിയിട്ടും പറ്റാതെ വന്നപ്പോഴാണ് കരാര്‍ റദ്ദാക്കിയത്. ശരിയായ കാര്യങ്ങളാണ് ചെയ്തതെങ്കില്‍ സര്‍ക്കാരിന് സത്യം പറഞ്ഞാല്‍ പോരേയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു കൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ഒറ്റു കൊടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടു പിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴി തുറക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നല്‍കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് എം. വിന്‍സെന്റ് എംഎല്‍എ വിഴിഞ്ഞം കടപ്പുറത്ത് സത്യാഗ്രഹം അനുഷ്ഠിച്ചത്.
Post Your Comments