KeralaLatest NewsElection NewsNews

‘എന്നും ഇടതിനൊപ്പം’; സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ബെന്യാമിൻ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി സാഹിത്യകാരൻ ബെന്യാമിൻ. ബെന്യാമിൻ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് വിരാമമിട്ടാണ് ‘ആടുജീവിത’ത്തിന്റെ കഥാകാരൻ നയം വ്യക്തമാക്കിയത്. എന്നാൽ താൻഎപ്പോഴും ഇടതുപക്ഷഅനുഭാവിയാണെന്നും ബെന്യാമിൻ പറഞ്ഞു.

‘ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. ഇടതുമുന്നണിയോടെ ചേർന്ന് നില്ക്കുന്നയാളും ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നയാളുമാണ്. അതുകൊണ്ട് തന്നെ മത്സരിക്കാൻ ആവശ്യപ്പെട്ട്‌ ഇടതു മുന്നണിയാകും സമീപിക്കുക. പക്ഷെ അതിന് സാധ്യതയില്ല. ഒരിക്കൽ ഇടതുമുന്നണി ആവശ്യപ്പെട്ടതാണ്. അന്ന് താൻ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. ‘

ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. അത്തരത്തിലുള്ള പ്രവർത്തനമാണ് അവർ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷമാവുമ്പോൾ സ്വാഭാവികമായും വിമർശനങ്ങൾ ഉന്നയിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യണം. അത് അവരുടെ കടമയാണ്. പക്ഷെ ആ കടമ നിർവ്വഹിക്കുമ്പോൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുത് കോവിഡ് സാഹചര്യങ്ങൾ പോലും മറന്നുകൊണ്ട് എങ്ങിനെയും അധികാര ത്തിലെത്തുകയെന്ന തരത്തിലേക്ക് മാറുമ്പോൾ പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കേണ്ടി വരും’- ബെന്യാമിൻ പറഞ്ഞു.

വിവിധ പാർട്ടികൾ നടത്തുന്ന ആൾക്കൂട്ടജാഥകളോടുള്ള വിയോജിപ്പും അദ്ദേഹം പങ്കുവെച്ചു. എല്ലാ ആൾക്കൂട്ടജാഥകളോടും ഒരേ സമീപനമാണ്. പക്ഷെ മുഖ്യമന്ത്രിയുടെ നിലപാട് അനുകരണീയമായി തോന്നിയിട്ടുണ്ട്. അദ്ദേഹം എത്രയോ കാര്യങ്ങളിൽ
മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്. ശാസനാരൂപങ്ങളിൽ അവ പൊതുസമൂഹത്തോട് പങ്കുവെച്ചിട്ടുണ്ട്.

ശബരിനാഥൻ എം.എൽ.എയ്ക്ക് എതിരെ നടത്തിയ വിമർശനം വ്യക്തിപരമല്ല. ‘സോഷ്യൽമീഡിയ ഏറ്റെടുത്ത് മറ്റൊരു തരത്തിലേക്ക് പോയപ്പോൾ അത് പാടില്ലഎന്ന ആഗ്രഹത്തോടെയാണ് മാപ്പ് പറഞ്ഞതെന്നും’ ബെന്യാമിൻ വ്യക്തമാക്കി. എന്നാൽ ശബരിനാഥൻ എം.എൽ.എ സമരം നടത്തിയതിൽ അപാകമെന്താണെന്ന് വ്യക്തമാക്കാൻ ബെന്യാമൻ മെനക്കെട്ടില്ല.

ഇടതുസമരങ്ങളോട് എന്നും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ബെന്യാമിൻ സ്വയം ന്യായീകരിക്കുമ്പോഴും അതേ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷം നടത്തുന്ന സമരങ്ങളിൽ മൗനിയാണെന്നതും ഇരട്ടത്താപ്പാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോൾ താൻ യഥാർത്ഥരാഷ്ട്രീയക്കാരനാണെന്നും ഇടതുപക്ഷക്കാരനാണെന്നും വ്യക്തമാക്കിയതോടെ ഈ നിലപാടിന്റെ പിന്നിലുള്ള യാഥാർത്ഥ്യം വ്യക്തമായെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

shortlink

Post Your Comments


Back to top button