ന്യൂഡൽഹി : ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലൂടെ പ്രതിദിന വരുമാനം ഉയരുന്നതായി ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ. രാജ്യത്ത് ഫാസ്റ്റ് ടാഗ് ഏര്‍പ്പെടുത്തിയതോടെ പ്രതിദിനം 104 കോടിയോളം വരുമാനം ഉണ്ടാകുന്നതായും എന്‍എച്ച്എഐ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം 100 കോടിയോളം വരുമാനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 25നാണ് ഏറ്റവും കുടുതല്‍ ടോള്‍ നികുതി ലഭിച്ചത്. 103.94 കോടിയാണ് ഈ ഇനത്തില്‍ ലഭിച്ചത്. പ്രതിദിനം 64.5 ലക്ഷം ട്രാന്‍സാക്ഷനുകളാണ് നടക്കുന്നതെന്നും എന്‍എച്ച്എഐ അറിയിച്ചു.
പുതിയ നിയമം നിലവില്‍ വന്ന ശേഷം ഫാസ്റ്റ് ടാഗ് വഴിയുള്ള ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് 60 മുതല്‍ 70 ശതമാനം ഇടപാടുകള്‍ മാത്രമേ ഫാസ്റ്റ്ടാഗ് വഴി നടന്നിരുന്നുള്ളൂ. ഫാസ്റ്റ് ടാഗുകള്‍ നടപ്പിലാക്കിയതോടെ ദേശീയ പാത ടോള്‍ ബൂത്തുകളിലെ തെരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാൽ പ്ലാസകളിലെ ഓട്ടോമാറ്റിക്ക് സ്‌കാനറുകള്‍ക്ക് കാറുകളിലെ ടാഗ് റീഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നതു കൊണ്ടാണ് സമയം എടുക്കുന്നതെന്നും എന്‍എച്ച്എഐ പറഞ്ഞു. അതേസമയം സ്‌കാനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വാഹനങ്ങളെ സൗജന്യമായി കടത്തി വിടണമെന്ന നിര്‍ദ്ദേശവും ടോള്‍പ്ലാസകള്‍ക്ക് എന്‍എച്ച്എഐ നല്‍കിയിട്ടുണ്ട്.
Post Your Comments