ജമ്മു: ജാതി- മത ഭേദമന്യ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശക്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് നടത്തിയ ‘വടക്കേ ഇന്ത്യ’ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.
‘ജമ്മുകശ്മീരിലാകട്ടെ ലഡാക്കിലാകട്ടെ ഞങ്ങള്‍ എല്ലാ ജാതിയേയും മതങ്ങളേയും വ്യക്തികളേയും ഒരുപോലെയാണ് കാണുന്നതും ബഹുമാനിക്കുന്നതും. അത് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും’, ആസാദ് പറഞ്ഞു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നാവശ്യപ്പെടുകൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് അയച്ച കത്തില്‍ ഒപ്പിട്ട 23 നേതാക്കളും സമ്മേളനത്തില്‍ ,സന്നിഹിതരായിരുന്നു. കശ്മീര്‍ കോണ്‍ഗ്രസ് ഘടകത്തിന്റെ അറിവില്ലാതെയാണ് തിരുത്തല്‍ വാദികള്‍ എന്നറിയപ്പെടുന്ന നേതാക്കള്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുവില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി രാഹുല്‍ ഗാന്ധിക്കുള്ള ഒരു സന്ദേശം കൂടിയാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ഇവരുടെ പ്രതികരണം. ഗുലാം നബി ആസാദിന് നല്‍കുന്ന സ്വീകരണം ഹൈക്കമാന്‍ഡിന് നല്‍കുന്ന മുന്നറിയിപ്പായിട്ടാണ് ഇവര്‍ പരിഗണിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍നിന്നും ഹൈക്കമാന്‍ഡ് തങ്ങളെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം കൂടിയാണ് നേതാക്കള്‍ പരസ്യമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ ചര്‍ച്ചകളില്‍ നിന്നും ഈ നേതാക്കളെ മാറ്റി നിര്‍ത്തുകയായിരുന്നു. എന്തിനാണ് കോണ്‍ഗ്രസ് ഗുലാം നബി ആസാദിനെ മാറ്റി നിര്‍ത്തുന്നതെന്ന് സിബല്‍ ചോദിച്ചു. ‘എന്തായിരുന്നു ഗുലാം നബി ആസാദ് ചെയ്തിരുന്നത്? പരിചയസമ്പന്നനായ പൈലറ്റിന് മാത്രമേ വിമാനം പറത്താന്‍ കഴിയൂ. ഒരു എഞ്ചിനീയര്‍ എഞ്ചിന്റെ കേടുപാടുകള്‍ കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്യും. ഗുലാം നബി ആസാദ് പരിചയ സമ്പന്നനുമാണ്, എഞ്ചിനീയറുമാണ്’, സിബല്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലെയും കോണ്‍ഗ്രസിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ് ഗുലാം നബി ആസാദെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ‘അദ്ദേഹം പാര്‍ലമെന്റില്‍ ഇനിയില്ല എന്നത് അതീവ ദുഃഖകരമാണ്. ഇത്രത്തോളം അനുഭവസമ്പത്തുള്ള വ്യക്തിയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല’, അദ്ദേഹം പറഞ്ഞു.
Post Your Comments