വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി.
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയ്ക്ക് പിന്തുണ നൽകുന്നൊരു സംവിധാനം നിലവിലില്ലെന്നും, തന്റെ വിവാഹ മോചന സമയത്ത് പിന്തുണയ്ക്കാൻ ആരും വന്നില്ല എന്നും താരം പറയുന്നു. എല്ലാവരും തന്നിൽ ഭയം വളർത്താൻ ശ്രമിക്കുകയായിരുന്നു, താൻ ഒരു പെൺകുട്ടി മത്രമാണെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു.
താൻ ഒരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ ഒപ്പമില്ലെങ്കിൽ താൻ ഭയപ്പെടണമെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും താരം പറയുന്നു. തന്റെ കരിയർ താളം തെറ്റുമെന്നും, സമൂഹം തന്നെ പുശ്ചിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയെന്നും, ആരും തന്റെ സന്തോഷത്തെക്കുറിച്ചോ മാനസിക നിലയെക്കുറിച്ചോ ചിന്തിച്ചില്ലയെന്നും അമല പറഞ്ഞു.
തന്റെ വീട്ടിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചും താരം പറഞ്ഞു. “ഗാർഹിക പീഡനവും അക്രമവും കണ്ടാണ് ഞാൻ വളർന്നത്. ഒരിക്കൽ വീട്ടുകാരോടൊപ്പം ഒരു വേക്കേഷന് പോയി. അന്നും അമ്മ തന്നെ തനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അമ്മയ്ക്കും ഒരു ബ്രേക്ക് വേണമെന്ന് ഞാൻ തർക്കിച്ചു. ഭാര്യയാണെന്ന് കരുതി ഒരു സ്ത്രീയോട് ബഹുമാനമില്ലാതെ പെരുമാറാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് അന്ന് ഞാൻ അച്ഛനോട് പറഞ്ഞു. നാളെ മറ്റൊരു ഇതുപോലെ എന്നോട് പെരുമാറിയാൽ എങ്ങനെയിരിക്കുമെന്നും അച്ഛനോട് ചോദിച്ചു. എന്നാൽ അച്ഛൻ തന്ന മറുപടിയെന്നെ നിരാശയാക്കി. എന്റെ ഭർത്താവ് അങ്ങനെയൊരാളാകുമെന്ന് താൻ കരുതുന്നില്ലെന്നാണ് അച്ഛൻ പറഞ്ഞത് അല്ലാതെ ഞങ്ങൾക്കിടയിൽ നടന്ന തർക്കത്തെക്കുറിച്ച് അദ്ദേഹം ഒട്ടും ബോധവാനായിരുന്നില്ല. ഞാൻ വളർന്ന ജീവിതത്തിലെ കുടുംബരീതി ഇതായിരുന്നു.” – അമല വ്യക്തമാക്കി.
തമിഴ് സംവിധായകൻ എ.എൽ. വിജയ് ആയിരുന്നു അമലയുടെ മുൻ ഭർത്താവ്. വളരെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ ഏറെ താമസിയാതെ ഇവർ വിവാഹമോചിതരാവുകയായിരുന്നു.
പുതിയ ചിത്രമായ പിറ്റ കതലുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തൽ.
Post Your Comments