ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലത്തിന്റെ നിര്‍മ്മാണം ജമ്മു കാശ്മീരില്‍ ഉടന്‍ പൂര്‍ത്തിയാകും. ചെനാബ് നദിയ്ക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിയ്ക്കുന്നത്. നദിയില്‍ നിന്നുള്ള ഉയരം കണക്കാക്കുമ്പോള്‍ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് ഈ പാലത്തിന്. കമാനാകൃതിയുള്ള പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. കമാനത്തിന് 467 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
2017 നവംബറില്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ‘അദ്ഭുതകരമായ അടിസ്ഥാന സൗകര്യം അണിഞ്ഞൊരുങ്ങുന്നു’ – എന്ന കുറിപ്പോടെയാണ് ചെനാബ് പാലത്തിന്റെ ചിത്രം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. പാലത്തിന്റെ ഉരുക്കു കമാനത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യന്‍ റെയില്‍വെ സ്വന്തമാക്കുകയാണെന്നും ഗോയല്‍ ട്വീറ്റില്‍ രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലമാണിതെന്നും അദ്ദേഹം കുറിച്ചു
പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകള്‍ പാലത്തിനെ താങ്ങി നിര്‍ത്തുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. കൂടാതെ ശക്തിയേറിയ സ്ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാന്‍ സഹായകമായ സുരക്ഷാ സംവിധാനവും പാലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കാശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ പെടുന്ന ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം.
Post Your Comments