കൊല്ലം : വയനാട് എംപി രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വാടി കടപ്പുറത്ത് നിന്ന് കടലില്‍ പോയ വാര്‍ത്ത ഒരുപാട് ചർച്ചയായിരുന്നു. രാഹുല്‍ മീന്‍ പിടിക്കാന്‍ സഹായിക്കുകയും ടീഷര്‍ട്ട് ഊരിമാറ്റി കടലിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചാടുകയും ചെയ്തു.
നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതാണ് പലരുടേയും അത്ഭുതം. എന്നാല്‍ രാഹുലിന്റെ പിതാവും മുന്‍ പ്രാനമന്ത്രിയും ആയ രാജീവ് ഗാന്ധിയും കടലിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. അത് പക്ഷേ, ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
രാജീവ് ഗാന്ധി ലക്ഷദ്വീപില്‍ ഉള്ള സമയത്താണ് ഒരു തിമിംഗലം വേലിയേറ്റ സമയത്ത് തീരത്തടിഞ്ഞത്. പവിഴപ്പുറ്റില്‍ തട്ടി അതിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവത്രെ. ഇത് കണ്ട രാജീവ് പിന്നെ ആലോചിച്ച് നിന്നില്ല. നേരെ കടലിലേക്ക് ഓടുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ലോസ് ആഞ്ജലീസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പ്രധാനമന്ത്രി ഓടി കടലില്‍ ചാടിയപ്പോള്‍ കൂടെയുള്ള സുരക്ഷാ ജീവനക്കാരും ഒപ്പം ചാടി. പിന്നീട് എല്ലാവരും ചേര്‍ന്ന് തിമിംഗലത്തെ രക്ഷിച്ച്, കടലിലേക്ക് വിടുകയായിരുന്നത്രെ.
Post Your Comments