യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെ കാണാതായ സംഭവത്തിൽ, ജയഘോഷിന്റെ സ്‌കൂട്ടറിൽ നിന്ന് ലഭിച്ച കത്തിലെ വിവരങ്ങൾ പുറത്ത്. യാത്ര പോകുന്നുവെന്നും തിരിച്ചുവരുമെന്നും കത്തിലുണ്ട്. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കത്തിൽ പറയുന്നു. സ്‌കൂട്ടറിൽ നിന്ന് ജയഘോഷിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെയാണ് ജയഘോഷിനെ കാണാതായത്. ഇന്നലെ രാവിലെ ഭാര്യയെ ജോലിക്ക് കൊണ്ട് വിട്ട ശേഷം ജയഘോഷിനെ കാണാനില്ലെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ നേമത്ത് നിന്ന് ജയഘോഷിന്റെ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. ഈ സ്‌കൂട്ടറിൽ നിന്നാണ് പൊലീസിന് കത്ത് ലഭിച്ചിരിക്കുന്നത്. കത്തിലെ വിവരങ്ങൾ അനുസരിച്ച് ആരും വിഷമിക്കരുതെന്നും താനൊരു യാത്ര പോകുകയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും തിരിച്ചു വരുമെന്നും പറയുന്നു. മക്കളെ കാര്യമായി നോക്കണമെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ മൊഴി അടിയന്തിരമായി രേഖപ്പെടുത്തി ജയഘോഷിനെ കണ്ടെത്താനാണ് പൊലീസിന്റെ തീരുമാനം.
മുൻപ് തിരുവനന്തപുരം സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് അടക്കമുള്ള നടപടികൾ വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ജയഘോഷിനെ കാണാനില്ലെന്ന പരാതി പൊലീസ് അടിയന്തിരമായി പരിശോധിച്ചു വരികയാണ്.
Post Your Comments