ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അതേസമയം, കേസിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ബിന്ദുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഇന്നലെ കസ്റ്റംസിന് ബിന്ദുവിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷം നോട്ടീസ് നൽകി വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്ന് നാലു ദിവസം മുൻപാണ് യുവതി വീട്ടിലെത്തിയത്.
രണ്ടു വർഷം മുൻപാണ് ബിന്ദുവും കുടുംബവും മാന്നാർ കൊരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ വീടിന് ചുറ്റും മതിൽ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. ബിന്ദു നാട്ടിലുള്ളപ്പോൾ സ്വപ്നാ സുരേഷിന്റെ സ്വർണക്കടത്ത് കേസിനെപ്പറ്റി അയൽക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വർണം കടത്താൻ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് അയൽക്കാർ പറയുന്നു. അങ്ങനെ ഒരാൾ ഇപ്പോൾ സ്വർണക്കടത്ത് നടത്തി എന്നറിഞ്ഞ ഞെട്ടലിലാണ് സമീപവാസികൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോഴായിരുന്നു ബിന്ദു വീട്ടിലെത്തിയിരുന്നത്. ഭർത്താവും അമ്മയും കൂടാതെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്.
Post Your Comments