ആലപ്പുഴ : മാന്നാറിൽ അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതേസമയം , യുവതിയെ തട്ടിക്കൊണ്ടുപോയത് ദുബായിലെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ദുബായിലായിരുന്നപ്പോള്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്ന യുവതിയെ കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന കാരിയര്‍ ആയി ഉപയോഗിക്കുകയായിരുന്നു. ഇത്തവണ യുവതിയുടെ പക്കല്‍ കൊടുത്തുവിട്ടത് ഒന്നര കിലോ സ്വര്‍ണമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്നാണ് യുവതി പറയുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് സംഘം ഇത് വിശ്വസിക്കാന്‍ തയാറായില്ല.
സ്വര്‍ണമോ പണമോ തിരികെ നല്‍കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. യുവതി വിദേശത്തു നിന്ന് വീട്ടിലെത്തിയ സമയം തന്നെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങളും മാന്നാറിലെത്തിയിരുന്നതായും വ്യക്തമായി.പ്രദേശത്തുള്ള ചിലരുടെ സഹായത്തോടെ മൂന്നു ദിവസം സംഘം മാന്നാറിലും പരിസരങ്ങളിലുമായി താമസിച്ചു.
അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാത്രമാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അടക്കമുള്ള മറ്റ് എജന്‍സികളുടെ അന്വേഷണം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments